തിരൂർ: മൈറ്റ് എന്ന പ്രാണി പരത്തുന്ന ചെള്ളുപനി(സ്‌ക്രബ് ടൈഫസ്) രോഗം മലപ്പുറം ജില്ലയിൽ കണ്ടെത്തി. ഡൽഹിയിൽ പഠിക്കുന്ന തിരൂർ സ്വദേശിനിയായ 19-കാരിക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ചപ്പോൾ വിദ്യാർത്ഥിനിയെ നാട്ടിലേയ്ക്ക് എത്തിച്ച് തിരൂർ ശിഹാബ് തങ്ങൾ സ്മാരക സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈറ്റ് എന്ന ചെറുപ്രാണിയിലൂടെ പകരുന്ന ‘ഒറിൻഷ്യ സുസുഗാമുഷി’ എന്ന ബാക്ടീരിയയാണ് ചെള്ളുപനി വരുത്തുന്നത്. പ്രാണി കടിക്കുന്നവർക്ക് പെട്ടെന്നു തന്നെ രോഗം പടരും. പനി, തലവേദന, ഛർദ്ദി, വയറിളക്കം, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. വൃത്തിഹീനവും കൂടുതൽ ആളുകൾ തിങ്ങിക്കൂടുന്നതുമായ സ്ഥലങ്ങളിലാണ് ഈ പ്രാണികളെ കാണുന്നത്. ഡൽഹിയിലെ തിരക്കേറിയ തെരുവിൽ ഭക്ഷണം കഴിക്കാൻ പോയ വിദ്യാർഥിനിയെ മൈറ്റ് എന്ന പ്രാണി കടിക്കുകയും രോഗം ബാധിക്കുകയുമായിരുന്നു.
പ്രാണി കടിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥിനിക്ക് പനിയും തലവേദനയും ഛർദ്ദിയും വയറിളക്കവും ശരീരവേദനയും വന്നു. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രോഗം തിരിച്ചറിഞ്ഞില്ല. ഇതിനു പുറമെ, രോഗം മൂർച്ഛിക്കുകയും ചെയ്തു. ഇതോടെ വിദ്യാർഥിനിയെ ബന്ധുക്കൾ തിരൂരിലേക്ക് കൊണ്ടുവരികയും ചികിത്സ തേടുകയുമായിരുന്നു. ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ വിവിധ രോഗപരിശോധനകൾ നടത്തി. ചെള്ളുപനിക്കുള്ള ‘വെയിൽ ഫെലിക്‌സ്’ പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി.
തുടർന്ന് വിദഗ്ധ ചികിത്സ നൽകുകയായിരുന്നു. ഡോക്‌സി സൈക്ലിൻ എന്ന ഗുളിക നൽകി. വിദ്യാർഥിനിയുടെ ആരോഗ്യനില പൂർണമായും ഭേദമായിട്ടുണ്ടെന്നും രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അല്ലാത്തപക്ഷം ന്യുമോണിയ, ഹൃദയത്തിന് വീക്കം, മൂക്കിൽനിന്ന് രക്തസ്രാവം, മോണയിൽനിന്ന് രക്തസ്രാവം, മൂത്രത്തിൽനിന്ന് രക്തം വരിക തുടങ്ങിയവ ഉണ്ടാകാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 1930-ൽ ജപ്പാനിലാണ് ചെള്ളുപനി ആദ്യമായി കണ്ടെത്തിയത്. ഇതോടെ മലപ്പുറം ജില്ല ജാഗ്രതയിലാണ്.