അച്ഛനമ്മമാര്‍ ഉറങ്ങുന്ന മണ്ണില്‍ തന്നെ രാഹുലിനും രഞ്ജിത്തിനും സ്വന്തം വീടായി; ഗൃഹപ്രവേശം 30ന്

നെയ്യാറ്റിന്‍കര: അച്ഛനമ്മമാര്‍ ഉറങ്ങുന്ന മണ്ണില്‍ തന്നെ രാഹുലിനും അനുജന്‍ രഞ്ജിത്തിനും സ്വന്തം വീടായി. വീടിന്റെ ഗൃഹപ്രവേശം 30-ന് നടക്കും. ചാലക്കുടി ആസ്ഥാനമായുള്ള ‘ഫിലോകാലിയ’ സന്നദ്ധസംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് വീട് ഇവര്‍ നിര്‍മ്മിച്ചത്.

കോടതി ഉത്തരവിനെ തുടര്‍ന്ന് താത്കാലിക കുടില്‍ പൊളിച്ചുനീക്കാനെത്തിയവര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ജീവനൊടുക്കിയ അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്റെയും അമ്പിളിയുടെയും മക്കളാണ് രാഹുലും രഞ്ജിത്തും. 2020 ഡിസംബര്‍ 22-നായിരുന്നു ആ സംഭവം.

സ്വന്തമായി വീടും സ്ഥലവുമില്ലാത്ത രാജനും കുടുംബവും നെട്ടത്തോട്ടം കോളനിയിലെ അവകാശികളില്ലെന്ന് കരുതിയ സ്ഥലത്ത് കുടില്‍കെട്ടി താമസിക്കുകയായിരുന്നു. എന്നാല്‍ അയല്‍വാസിയായ സ്ത്രീ ഈ സ്ഥലത്തില്‍ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചു.

തുടര്‍ന്നാണ് കോടതി ഉത്തരവുമായി രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാനെത്തിയത്. കീഴ്‌ക്കോടതി ഉത്തരവിനെതിരേ രാജന്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേയും വാങ്ങിയിരുന്നു. എന്നാല്‍ ഇതിന്റെ പകര്‍പ്പ് ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അവര്‍ക്ക് ജീവനൊടുക്കേണ്ടിവന്നത്.

ചാലക്കുടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന സന്നദ്ധ സംഘടനയാണ് രാഹുലിനും രഞ്ജിത്തിനും സഹായവുമായെത്തിയത്. ‘ഫിലോകാലിയ’ ചെയര്‍മാന്‍ മാരിയോ ജോസഫിന്റെ സാന്നിധ്യത്തില്‍ ഈ മാര്‍ച്ചിലാണ് വീടിന് തറക്കല്ലിട്ടത്. മൂത്ത മകന്‍ ആര്‍ രാഹുല്‍ രാജിന് നെല്ലിമൂട് സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി നല്‍കിയിരുന്നു.

Exit mobile version