പത്തനംതിട്ട: ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. തിരുവല്ല മണ്ഡലം സെക്രട്ടറി ജെ ജയനെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ പിടിച്ചെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
എക്‌സൈസ് കമ്മീഷണര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന തരത്തില്‍ വ്യാജ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് അറസ്റ്റ്.
ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് ബിജെപി നേതാവ് വ്യാജ പ്രചാരണം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് പിന്തുണയോടെ മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ അയ്യപ്പജ്യോതി തെളിയിച്ചത്.