കോഴിക്കോട്: തീവണ്ടി തട്ടി പരിക്കേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിലെ അപ്രൈസർ തട്ടാൻ മോഹനനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട്ടുവെച്ച് മോഹനൻ തീവണ്ടിക്ക് മുന്നിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റനിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ, കൊടിയത്തൂർ ഗ്രാമീൺ ബാങ്കിലെ മുക്കുപണ്ട പണയതട്ടിപ്പിൽ അപ്രൈസർക്കെതിരേയും ആരോപണമുയർന്നിരുന്നു.
മുക്കുപണ്ടയം പണയം വെച്ച് കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിൽനിന്ന് 24.26 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു കയ്യൂണുമ്മൽ, മാട്ടുമുറിക്കൽ സന്തോഷ്‌കുമാർ, സന്തോഷിന്റെ ഭാര്യ ഷൈനി, കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത് തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ.
ഈ കേസിലാണ് ബാങ്കിലെ അപ്രൈസറായ മോഹനനെതിരേയും ആരോപണമുയർന്നത്. പെരുമണ്ണ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെക്കുന്നതിനിടെയാണ് വിഷ്ണുവും സന്തോഷ്‌കുമാറും പിടിയിലായത്.
ഇതിനുപിന്നാലെയാണ് നാലംഗസംഘം മുക്കുപണ്ടം പണയംവെച്ച് 32 ലക്ഷം രൂപയോളം തട്ടിയെടുത്തതായും പോലീസ് കണ്ടെത്തിയത്. കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിൽനിന്ന് 24.26 ലക്ഷം രൂപയും കാർഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യൻമുഴി ശാഖയിൽനിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയെടുത്തത്.