തിരുവനന്തപുരം: ജന്മം നൽകിയ രണ്ട് പൊന്നോമനകളെ വിധി വാഹനാപകടത്തിൽ കവർന്നെടുത്ത വേദനയിൽ തകർന്നിരിക്കുന്ന അമ്മയ്ക്ക് ഒരു കൂട്ട് വേണം. രണ്ട് മക്കളെ ദത്തെടുക്കാനും അവരെ സ്‌നേഹിക്കാനും പരിപാലിക്കാനും വേണ്ടി ഇപ്പോൾ കാത്തിരിക്കുകയാണ് തിരുവനന്തപുരത്തുകാരിയായ വിജയ എന്ന ഈ അമ്മ.
ജന്മംകൊണ്ട് അമ്മയാകില്ലെങ്കിലും കർമംകൊണ്ട് അമ്മയാകാൻ കാത്തിരിക്കുകയാണ് വിജയ. തന്നെപ്പോലെ ജീവിതത്തിൽ തനിച്ചായ, പ്ലസ്ടു കഴിഞ്ഞ കുട്ടികളെയാണ് ഈ അറുപത്തിരണ്ടുകാരി സ്വന്തം ജീവിതത്തിലേക്കു ക്ഷണിക്കുന്നത്. 13 വർഷം മുൻപ് കുടുംബം ഒന്നിച്ചുനടത്തിയ വിനോദയാത്രയ്ക്കിടെയാണ് വിജയയുടെ പതിനെട്ടും ഇരുപത്തൊന്നും വയസ്സുള്ള രണ്ട് പെൺമക്കളെ നഷ്ടമായ. പിന്നീട് തുണയായത് പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് ആയിരുന്നു. മൂന്നുവർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവും മരിച്ചു. ഇതോടെ ജീവിതത്തിൽ തനിച്ചായപ്പോഴാണ് മക്കളെ ദത്തെടുക്കാൻ വിജയ തീരുമാനിച്ചത്.
അടുത്ത ബന്ധുക്കളോട് ആഗ്രഹം സൂചിപ്പിച്ചപ്പോൾ അവരും അനുകൂലിച്ചു. ദത്തെടുക്കാനുള്ള നിയമപ്രശ്‌നങ്ങൾ കണക്കിലെടുത്താണ് 18 വയസ്സായ കുട്ടികളെ ഏറ്റെടുക്കാൻ ആലോചിച്ചത്. പഠിക്കാനാഗ്രഹമുള്ള, എന്നാൽ അതിനു വഴിയില്ലാത്ത അനാഥരായ കുട്ടികളെ ഏറ്റെടുക്കാനാണ് ഈ അമ്മ ആഗ്രഹിക്കുന്നത്. അച്ഛനമ്മമാരെ നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിലായവരെയും സ്വീകരിക്കാനും ഇവർ തയ്യാറാണ്.
ഒരു പെൺകുട്ടിയും ആൺകുട്ടിയും വന്നാൽ കൂടുതൽ സന്തോഷം. അവർക്ക് ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാനുള്ള സൗകര്യം, താമസിക്കാൻ വീട്, ജോലിസംബന്ധമായ ആവശ്യങ്ങൾ, വിവാഹം തുടങ്ങി എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നടത്തുകയും ചെയ്യും. ഇതിനെല്ലാം പുറമെ, സ്വത്തിൽ അവകാശം നൽകുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി 8089106291 ഈ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും.