തൃശ്ശൂർ: കഴിഞ്ഞ ദിവസമാണ് മംഗള എക്‌സ്പ്രസിന്റെ ബോഗികൾ ഓട്ടത്തിനിടെ വേർപ്പെട്ടത്. തൃശ്ശൂർ നഗരത്തിനടുത്ത് വെച്ചായിരുന്നു അപകടം നടന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും ബോഗികൾ തമ്മിലുള്ള ബന്ധമാണ് മുറിഞ്ഞത്. അപകടം ഗേറ്റ് കീപ്പർ കെആർ അശ്വതിയുടെ കണ്ണിൽ ഉടക്കിയതാണ് വൻ ദുരന്തം ഒഴിവാകാൻ ഇടയാക്കിയത്. കോലഴി തിരൂർ സ്വദേശിയായ അശ്വതി ആറുവർഷമായി റെയിൽവേയിൽ ചേർന്നിട്ട്. രണ്ടുവർഷമായി കോട്ടപ്പുറം ഗേറ്റിലാണ് അശ്വതിക്ക് ജോലി.
ഗുജറാത്തില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്ന് വീണ് 12 മരണം
ബുധനാഴ്ച ഉച്ചയ്ക്ക് 2.47-ന് കോട്ടപ്പുറം റെയിൽവേ ഗേറ്റിനടുത്ത് വെച്ചാണ് അപകടം നടന്നത്. എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന 12617 നമ്പർ മംഗളയുടെ കോച്ചുകളാണ് വേർപെട്ടത്. പതിവുപോലെ ഗേറ്റടച്ച് അശ്വതി മംഗള എക്‌സ്പ്രസിന്റെ വരവും നോക്കി നിന്നു. തൃശ്ശൂരിൽ നിന്ന് വിട്ട വണ്ടി വേഗം കുറച്ചാണ് വന്നിരുന്നത്. ഗേറ്റിന്റെ ഒത്തനടുക്ക് എത്തിയപ്പോൾ ഒന്നാമത്തെ ബോഗിയിൽനിന്ന് പിന്നിലുള്ള 22 ബോഗികളും വേർപ്പെടുന്നതാണ് അശ്വതി കണ്ടത്.
ഒരു നിമിഷം പോലും കളയാതെ, ഉടനടി പാളത്തിന്റെ വശത്തേക്ക് ഓടിയെത്തി നിർത്താതെ വിസിലടിച്ചുകൊണ്ട് കൈകൾ രണ്ടും മുകളിലേക്കും താഴേക്കും ചലിപ്പിച്ചു. ബോഗികൾ വേർപെട്ടതറിയാതെ കോട്ടപ്പുറം ഗേറ്റിലൂടെ മുന്നോട്ടുനീങ്ങിയ മംഗളയുടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, അശ്വതിയുടെ സിഗ്‌നലിൽനിന്ന് പെട്ടെന്ന് കാര്യം മനസ്സിലാക്കുകയും ചെയ്തു.
ബോഗികൾ വേർപെട്ടത് മനസ്സിലാക്കിയ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഏറ്റവും പിന്നിലുള്ള ഗാർഡിന് വോക്കിടോക്കിയിലൂടെ സന്ദേശം നൽകി. ഗാർഡ് എമർജൻസി ബ്രേക്ക് നൽകിയതോടെ ഗേറ്റിൽനിന്ന് 50 മീറ്റർ കൂടി നീങ്ങിയശേഷം ബോഗികൾ നിന്നു. ഇവിടെനിന്ന് 350 മീറ്റർ അകലെയാണ് എൻജിനും അതോടൊപ്പമുള്ള ഒരു ബോഗിയും നിർത്തിയത്. ഇതോടെ വലിയ അപകടമാണ് അശ്വതിയുടെ ഇടപെടലിൽ ഒഴിവായത്.