അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന് തിരിച്ചടി. ഗുജറാത്തില്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് യുവ നേതാവിന്റെ രാജി.
രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറിയ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് ജനതയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കത്തില്‍ ഹാര്‍ദ്ദിക് പട്ടേല്‍ അതൃപ്തനായിരുന്നു. ഹാര്‍ദിക് ബിജെപിയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസിനോടുള്ള അതൃപ്തി പരസ്യപ്പെടുത്തിയ ഹാര്‍ദിക് ട്വിറ്ററില്‍ നിന്ന് നേരത്തെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് എന്ന വിവരം ഒഴിവാക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുപരിപാടിയില്‍ ഹാര്‍ദിക് എത്തിയിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലെത്തിയത്.
‘കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാന്‍ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവര്‍ത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു” -കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാര്‍ദിക് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.
Discussion about this post