തിരൂർ: അടുക്കളയിൽ കട്ടെടുക്കാൻ കയറിയ കള്ളപ്പൂച്ച ഇരുമ്പ് ഗ്രില്ലിൽ കുടുങ്ങി. ജനാലവഴി കയറി ഇറങ്ങാനുള്ള ശ്രമം പാളിയതോടെയാണ് പൂച്ച ഗ്രില്ലിൽ കുടുങ്ങിയത്. തിരൂരിനടുത്ത് നിറമരുതൂരിലാണ് സംഭവം നടന്നത്. ഏഴാംവാർഡിലെ കുമുണ്ടകത്തിൽ റഫീഖിന്റെ വീടിന്റെ അടുക്കളയുടെ ഗ്രില്ലിലാണ് തിങ്കളാഴ്ച രാവിലെ പൂച്ച കുടുങ്ങിയത്.
മോഷ്ടിക്കാൻ വന്നതാണോയെന്നൊന്നും റഫീഖ് നോക്കിയില്ല. ഗ്രില്ലിൽ കുടുങ്ങിയ കള്ളനെ രക്ഷപ്പെടുത്താൻ ഉടൻ തന്നെ ഉടൻ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. രാവിലെ ഏഴരയോടെ അഗ്നിരക്ഷാസേനയെത്തി. മെറ്റൽ കട്ടർ ഉപയോഗിച്ച് രണ്ടുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗ്രിൽ മുറിച്ചത്.
പൂച്ചയുടെ ദേഹത്തേക്ക് തീപ്പൊരി പാറാതിരിക്കാൻ ഇരുമ്പുഷീറ്റുകൊണ്ട് കവചം തീർത്ത ശേഷമാണ് രക്ഷാപ്പെടുത്തിയത്. പോറൽപോലുമില്ലാതെയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. സീനിയർ ഫയർ ഓഫീസർ സി. മനോജ്, ഫയർ ഓഫീസർമാരായ പി. സതീഷ്‌കുമാർ, പി. നിയാസ്, എം. അനൂപ്, ഡ്രൈവർ സുബ്രഹ്മണ്യൻ എന്നിവരായിരുന്നു സംഘത്തിൽ.