വടക്കാഞ്ചേരി: ആക്ട്‌സ് വടക്കാഞ്ചേരി നടത്തുന്ന സന്നദ്ധസേവനങ്ങളുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ബ്രാഞ്ചിന് പുതിയ ഐസിയു ആംബുലൻസ് വാങ്ങാനുള്ള ഫണ്ട് ശേഖരിക്കാനായി ആക്രി പെറുക്കാനിറങ്ങിയവരെ ഞെട്ടിച്ച് ദമ്പതികൾ. പഴയ ഇരുമ്പ് ശേഖരിക്കാൻ ഇറങ്ങിയ ആക്ട്‌സ് വൊളന്റിയർമാരെ അമ്പരപ്പിച്ചുകൊണ്ട് ഒരു വയസ്സുള്ള മകൾ ആമിയുടെ പുത്തൻ സ്വർണക്കമ്മൽ ഊരിക്കൊടുക്കുകയായിരുന്നു കുമ്പളങ്ങാട് നെല്ലിക്കുന്ന് മൂതിയിൽ മഹേഷ് മോഹനനും ഭാര്യ അപർണയും.
നാടിന് വേണ്ടി കമ്മൽ ഊരി നൽകാൻ ഇരുവർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ദമ്പതികളുടെ കൈയ്യിൽ നിന്നും ആക്ട്‌സ് വടക്കഞ്ചേരി ബ്രാഞ്ച് ട്രഷറർ വി അനിരുദ്ധൻ ആഭരണം ഏറ്റുവാങ്ങി. 20 ലക്ഷം രൂപ ചെലവ് വരുന്ന സെമി ഐസിയു ആംബുലൻസിന് ഫണ്ട് കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് സ്‌ക്രാപ്പും പഴയ പത്രവും ശേഖരിക്കാൻ ഇവർ ഇറങ്ങിയത്.
വടക്കഞ്ചേരി കേരളവർമ വായനശാല ഭരണസമിതി അംഗവും സിപിഎം – ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും കൂടിയാണ് മഹേഷ്. തുടർന്നുള്ള ദിവസങ്ങളിലും ആംബുലൻസിനായുള്ള ഫണ്ട് ശേഖരണം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Discussion about this post