തിരുവനന്തപുരം: സപ്ലൈകോയിലെ മുഴുവൻ വനിതാ ജീവനക്കാർക്കുമായി ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടുത്തി മത്സരം സംഘടിപ്പിക്കുന്നു. സപ്ലൈകോ ഉത്പന്നത്തിനോടൊപ്പം ഫോട്ടോയെടുത്ത് ആകർഷകമായ സ്ലോഗനുകളും ചേർത്ത് സപ്ലൈകോ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിലൂടെയാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
സപ്ലൈകോ സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാർ, കോൺട്രാക്ട് ജീവനക്കാർ, ദിവസവേതന ജീവനക്കാർ, പീസ് റേറ്റ് പാക്കിങ് ജീവനക്കാർ, ക്ലീനിങ് ജീവനക്കാർ തുടങ്ങിയ എല്ലാതരം ജീവനക്കാർക്കും മത്സരത്തിൽ പങ്കാളികളാകാം. സപ്ലൈകോ ഫ്യൂവൽ പമ്പ്, മെഡിക്കൽ സ്റ്റോർസ്, സപ്ലൈകോ ഡിപ്പോകൾ തുടങ്ങിയ സ്ഥാപനത്തിലെ വനിതാ ജീവനക്കാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണെന്ന് സപ്ലൈകോ മാനേജ്‌മെന്റ് അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കാനായി സപ്ലൈകോ ശബരി ഉത്പന്നവുമായി നിൽക്കുന്ന ഫോട്ടോ സപ്ലൈകോ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. ഫോട്ടോയുടെ കൂടെ ഇംഗ്ലീഷിലോ മലയാളത്തിലോ മൂന്നുമുതൽ നാല് വരെ വാക്കുകൾ ഉൾക്കൊള്ളുന്ന സ്ലോഗനുകളും ഉൾപ്പെടുത്തിയിരിക്കണം.
അയക്കുന്ന ഫാട്ടോകൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇവ മാത്രമെ സമ്മാനത്തിനായി പരിഗണിക്കുകയുള്ളൂ. ഫോട്ടോയിലെ വ്യക്തിയുടെ തലമുതൽ ഉടൽ ഭാഗത്തിന്റെ പകുതിയോളം ഫോട്ടോയിൽ ദൃശ്യമായിരിക്കണം. ഫോട്ടോയിലെ ജീവനക്കാരുടെ വസ്ത്രധാരണം അവരവവർക്കിഷ്ടമുള്ള രീതിയിൽ തെരഞ്ഞെടുക്കാവുന്നതാണ്.
ALSO READ- സപ്ലൈകോയ്ക്കായി ‘സ്ലോഗൻ’ എഴുതാം; ആകർഷകമായ ക്യാഷ് അവാർഡുകൾ നേടാം
മത്സരാർത്ഥി ഇരുകൈയ്യിലും സപ്ലൈകോ ശബരി ഉത്പന്നം പിടിച്ചുനിൽക്കുന്ന രീതിയിലായിരിക്കണം ഫോട്ടോ എടുക്കേണ്ടത്. ഉത്പന്നത്തിന്റെ പേരും മറ്റ് വിവരണങ്ങളും ഫോട്ടോയിൽ വ്യക്തമായി കാണാൻ കഴിയുന്ന വിധത്തിലായിരിക്കണം.
ALSO READ- ‘സെൽഫി വിത്ത് സപ്ലൈകോ’ മത്സരവിജയികളെ പ്രഖ്യാപിച്ചു
സപ്ലൈകോ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന മത്സരമായതിനാൽ തന്നെ മത്സരാർത്ഥികൾ അയക്കുന്ന ഫോട്ടോകളും സ്ലോഗനും സപ്ലൈകോയുടെ ഡിജിറ്റൽ മാർക്കറ്റിങിനായി ഉപയോഗിക്കും. തെരഞ്ഞെടുക്കുന്ന മികച്ച പത്ത് ഫോട്ടോകൾക്കും സ്ലോഗനും ആയിരം രൂപ വീതമാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫോട്ടോകൾ www.supplyco.in/selfie എന്ന വെബ്‌സൈറ്റ് വിലാസത്തിലാണ് സമർപ്പിക്കേണ്ടത്. മേയ് 15ന് ആരംഭിക്കുന്ന മത്സരത്തിന് എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 15 ആണ്.