പറവൂർ: ബൈക്കിൽ ലഡാക്കുവരെ സാഹസിക യാത്ര വിജയകരമായി പൂർത്തിയാക്കി കായൽക്കരയിലെത്തിയ അമ്മയെയും മകനെയും പൂക്കളും പൂച്ചെണ്ടുകളുമായി വരവേറ്റ് നാടും നാട്ടുകാരും.
ഏഴിക്കര പഞ്ചായത്ത് കടക്കരയിലെ പേരേപ്പറമ്പിൽ സിന്ധു കുട്ടനും (50), മകൻ ഗോപകുമാറും (26) 25 ദിവസം മുമ്പാണ് ഏഴിക്കരയിൽ നിന്ന് ലഡാക്കിലേക്ക് ബൈക്കിൽ യാത്ര തിരിച്ചത്. എറണാകുളം മഹാരാജാസ് കോളേജിലെ കാന്റീൻ ജീവനക്കാരിയാണ് സിന്ധു. മകൻ ഗോപകുമാർ സെയിൽസ് മാനാണ്. കടന്നുപോയ മേഖലയിലെ മലയാളികൾ ഉൾപ്പെടെയുള്ളവർ വലിയ പിന്തുണയാണ് നൽകിയതെന്ന് അമ്മയും മകനും പറയുന്നു.
‘ഒരു കൊച്ചുജീവിതമല്ലേ ഉള്ളൂ, മകൻ പറഞ്ഞപ്പോൾ സമ്മതിച്ചു’ എന്ന് അമ്മ പറയുന്നു. ഇവരുടെ യാത്രയ്ക്ക് മലയാളികളായ പട്ടാളക്കാർ ഏറെ പിന്തുണ നൽകി. അവർ തണുപ്പിനെ പ്രതിരോധിക്കാനുള്ള കമ്പിളിയും ഭക്ഷണവും നൽകുകയും ചെയ്തു. മഞ്ഞുപാളികളും ഗർത്തങ്ങളും മലനിരകളും നിറഞ്ഞ ദുർഘടപാതയിലായിരുന്നു ഇവരുടെ സാഹസിക യാത്ര. യാത്രയുടെ ദൃശ്യങ്ങൾ ഇരുവരും വീഡിയോയിൽ പകർത്തി പങ്കുവെയ്ക്കുകയും ചെയ്തു.
കടപ്പാട്: മാതൃഭൂമി
8500 കിലോമീറ്ററാണ് ഇവർ സഞ്ചരിച്ചത്. വ്യത്യസ്തമായ ഭാഷകളും ഭക്ഷണരീതികളും ആസ്വദിച്ച് കഴിച്ചായിരുന്നു യാത്ര. ലഡാക്കിൽ ഹർത്തുംഗ് ലെയിൽ മൈനസ് 7 ഡിഗ്രിയായിരുന്നു തണുപ്പ്. പ്രാണവായു കിട്ടാനായി ബുദ്ധിമുട്ടുണ്ടായിരുന്നു. കടക്കരയിൽ നിന്ന് 15 ദിവസംകൊണ്ടാണ് ഇരുവരും ലഡാക്കിൽ എത്തിയത്. തിരിച്ചിറങ്ങുമ്പോൾ മഞ്ഞുവീഴ്ചമൂലം മണാലിയിലും രണ്ടുദിവസം യാത്ര തടസ്സപ്പെട്ടു. ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു വഴിയായിരുന്നു മടക്കം.
Discussion about this post