സുൽത്താൻബത്തേരി: ഷൈബിൻ അഷ്‌റഫ് അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ കേസുകളിൽ ഇയാൾക്ക് പങ്കുള്ളതായി ആരോപണം. ഷൈബിനെതിരെ മുമ്പ് തട്ടിക്കൊണ്ടുപോയ കേസിൽ പോലീസിൽ പരാതിനൽകിയ യുവാവ് പിന്നീട് മരണപ്പെട്ടതിലും ദുരൂഹത. ദൊട്ടപ്പൻകുളം പുതിയവീട്ടിൽ ദീപേഷ് (36) ന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ജിസ ശനിയാഴ്ച ബത്തേരി ഡിവൈഎസ്പിക്ക് പരാതിനൽകി.
ഏഴുവർഷം മുമ്പാണ് ബീനാച്ചിയിൽനടന്ന വടംവലി മത്സരത്തിനിടെയുണ്ടായ തകർക്കവുമായി ബന്ധപ്പെട്ട് ഷൈബിൻ അഷ്‌റഫിന്റെ കൂട്ടാളികൾ ദീപേഷിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മരണാസന്നനാക്കിയത്. ഈ സംഭവത്തിൽ ദീപേഷിന്റെ പരാതിയിൽ ഷൈബിനെതിരേ ബത്തേരി പോലീസ് കേസെടുത്തിരുന്നു.
പിന്നീട് 2020 മാർച്ച് നാലിന് വൈകുന്നേരമാണ് ദീപേഷിനെ കർണാടകയിലെ കുട്ടയിലുള്ള കാപ്പി എസ്റ്റേറ്റിലെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മീൻ പിടിക്കുന്ന വലയിൽ കാൽകുരുങ്ങി വെള്ളത്തിൽ ദീപേഷ് മുങ്ങിമരിച്ചുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. എന്നാൽ, നീന്തലറിയാവുന്ന ദീപേഷ് മുങ്ങിമരിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ബന്ധുക്കൾ.
എസ്റ്റേറ്റിലെ കാപ്പി നനയ്ക്കുന്നതിനുള്ള ജോലിക്കായാണ് സുഹൃത്ത് പ്രസാദിനൊപ്പം ദീപേഷ് കുട്ടയിലെത്തിയത്. മരണത്തിന് ഒരാഴ്ചമുമ്പ് സുഖമില്ലാത്തതിനെ തുടർന്ന് പ്രസാദ് നാട്ടിലേക്ക് തിരിച്ചുവന്നിരുന്നു. മരിക്കുന്നതിന്റെ അന്ന് വൈകുന്നേരവും ഭാര്യയോടും സുഹൃത്തുക്കളോടും ദീപേഷ് വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ഇതുകഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിലാണ് ദീപേഷിന്റെ മരണവാർത്ത വീട്ടിലറിയുന്നത്.
ALSO READ- 14 തവണ ചാമ്പ്യനായ ഇന്തൊനേഷ്യയെ തകർത്തു; തോമസ് കപ്പിൽ ഇന്ത്യയ്ക്ക് കന്നി കിരീടം
കുത്തൊഴുക്കുള്ള പുഴ നീന്തിക്കടക്കാറുള്ള ദീപേഷ് ചെറിയ കുളത്തിൽ മുങ്ങിമരിക്കാൻ ഒരു സാധ്യതയുമില്ലെന്നാണ് സഹോദരൻ ദിലീപ് പറയുന്നത്. കർണാടകയിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിന്റെ റിപ്പോർട്ടുകളൊന്നും ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല.
ദീപേഷിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിലാണ് കോവിഡ് വ്യാപനവും ലോക്ഡൗണുമുണ്ടായത്. അന്തഃസംസ്ഥാന യാത്രകൾക്കടക്കം നിയന്ത്രണം വന്നതിനാൽ തന്നെ മരണത്തെ സംബന്ധിച്ച് അന്വേഷണവുമായി കർണാടകയിലേക്ക് പോകാനായില്ലെന്നും ദീപേഷിന്റെ സഹോദരൻ പറഞ്ഞു.
ദീപേഷിന്റെ മരണസമയത്ത് തോട്ടത്തിലുണ്ടായിരുന്ന കർണാടക സ്വദേശിയായ ഊമയായ കൗമാരക്കാരനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നെന്നും ഈ മരണത്തിലും ദുരൂഹതയുണ്ടെന്നും ദീപേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
ഷൈബിൻ ബ്ലൂ പ്രിന്റ് തയാറാക്കി കൊലപ്പെടുത്തിയെന്നാരോപിക്കപ്പെടുന്ന മുക്കം സ്വദേശി ഹാരിസിന്റെയും മറ്റൊരു യുവതിയുടെയും ദുരൂഹമരണം നടന്ന് ഒരു മണിക്കൂറിനുള്ളിലാണ് ദീപേഷിന്റെയും മരണമുണ്ടായതെന്നാണ് വിവരം.