കാലടി: കലോത്സവത്തിലെ മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എല്ലാം നേടി ആഘോഷത്തോടെ മടങ്ങിയ വിദ്യാർത്ഥിനി ടിപി അമയ പ്രകാശിന്റെ മരണവാർത്ത വിശ്വസിക്കാനാകാതെ സഹപാഠികളും അധ്യാപകരും. വിദ്യാർത്ഥിനി അപകടത്തിൽ മരിച്ച വാർത്ത വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വിദ്യാർഥികൾ അറിഞ്ഞത്.
യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ പങ്കെടുക്കാനാണ് അമയ പ്രകാശ് (20) കാലടിയിൽ ബുധനാഴ്ച എത്തിയത്. മാർഗംകളി, ഒപ്പന മത്സരങ്ങളിൽ പങ്കെടുത്തു. മാർഗംകളിക്ക് രണ്ടാം സ്ഥാനവും ഒപ്പനക്ക് ഒന്നാം സ്ഥാനവും ലഭിച്ചാണ് വിജയികളായി വിദ്യാർത്ഥികൾ മടങ്ങിയത്.
ഇനി ഒരിക്കലും തങ്ങൾക്കൊപ്പം കഥപറയാനും നൃത്തം ചെയ്യാനും അമയ ഉണ്ടാവില്ലെന്ന യാഥാർഥ്യം ഇനിയും സുഹൃത്തുക്കൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. കണ്ണീരോടെയാണ് കൂട്ടുകാരികൾ സർവകലാശാലയിൽനിന്ന് മടങ്ങിയത്. മരണവാർത്ത അറിഞ്ഞതോടെ രാത്രി വൈകി നടക്കേണ്ട മത്സരങ്ങൾ മാറ്റിവെയ്ക്കുകയും ചെയ്തു.