വീട്ടുകാര്‍ ‘സിബിഐ 5’കാണാന്‍ പോയി, വീട്ടില്‍ കയറിയ കള്ളന്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

തൃശ്ശൂര്‍: വീട്ടുകാര്‍ സിനിമയ്ക്ക് പോയ നേരം നോക്കി വീട് കുത്തിത്തുറന്ന് ഒന്നരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു. ഗുരുവായൂര്‍ ആനക്കോട്ടയ്ക്ക് സമീപത്ത് താമസിക്കുന്ന കെവി ബാലന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. ഒരു കോടി 40 ലക്ഷം രൂപ വരുന്ന രണ്ടരക്കിലോയിലേറെയുള്ള സ്വര്‍ണമാണ് കവര്‍ന്നത്. മതില്‍ചാടി വീട്ടുവളപ്പില്‍ കടന്ന പ്രതിയുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.

ബാലനും ഭാര്യ രുഗ്മിണിയും പേരക്കുട്ടി അര്‍ജുനും ഡ്രൈവര്‍ ബ്രിജുവും ഉച്ചയ്ക്ക് 2.30 ന് തൃശൂരില്‍ ശോഭാ സിറ്റിയില്‍ ‘സിബിഐ 5’ സിനിമ കാണാന്‍ പോയിരുന്നു. വീട്ടില്‍ തോട്ടത്തില്‍ ജോലി ചെയ്തിരുന്നയാള്‍ 5 മണിയോടെ ഗേറ്റ് പൂട്ടി പോകുകയും ചെയ്തു.

സിനിമയ്ക്കു ശേഷം ഭക്ഷണം കഴിച്ച് അര്‍ജുനെ മുണ്ടൂരില്‍ മകളുടെ വീട്ടില്‍ ഇറക്കി ബാലനും കുടുംബവും രാത്രി 9.30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് കുറ്റി ഇട്ടതായി കണ്ടു. പിന്നില്‍ ഒന്നാം നിലയിലെ വാതില്‍ തുറക്കാനെത്തിയപ്പോള്‍ അത് കുത്തിപ്പൊളിച്ച നിലയിലായിരുന്നു.

Read Also: ഒരുപാട് മിസ് ചെയ്യും! നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല: ഷഹാനയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ മുന്ന

വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് താഴത്തെ നിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാര പൊളിച്ച് ഉള്ളിലെ പൂട്ടു തകര്‍ത്ത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും രൂപയും കവരുകയായിരുന്നു. ഒരു കിലോയുടെ 2 സ്വര്‍ണ ബാറുകള്‍, 116.64 ഗ്രാം വീതം തൂക്കമുള്ള 3 സ്വര്‍ണ ബിസ്‌കറ്റുകള്‍, വള, മാല, നെക്ലസുകള്‍, 40 പവന്റെ സ്വര്‍ണം എന്നിവയടക്കം 2.67 കിലോ സ്വര്‍ണമാണ് കവര്‍ന്നത്.

40 വര്‍ഷത്തോളം ദുബായില്‍ സ്വര്‍ണവ്യാപാരം നടത്തിയിരുന്ന ബാലന്റെ ആയുഷ്‌കാല സമ്പാദ്യമാണു നഷ്ടമായത്. വീട്ടിലെ സ്വര്‍ണത്തെ കുറിച്ച് കൃത്യമായി അറിയാവുന്നയാളാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതി ഉടന്‍ വലയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.

Exit mobile version