ചിറ്റൂർ: കൈയിൽ മുറിവുമായി എത്തിയ 83കാരൻ കൃഷ്ണന് തുണയായും സംരക്ഷണം കൊടുത്തും താലൂക്ക് ആശുപത്രി ജീവനക്കാർ. മാസങ്ങൾ മുൻപാണ് കൃഷ്ണൻ കൈയിൽ മുറിവ് സംഭവിച്ചു ആശുപത്രിയിൽ എത്തിയത്.
കിടത്തിച്ചികിത്സയ്ക്കുശേഷം അസുഖം ഭേദമായിട്ടും അദ്ദേഹം ആശുപത്രിയിൽ തന്നെ കഴിച്ചുകൂട്ടി. പോകാൻ ഇടവും നോക്കാൻ ബന്ധുക്കളുമില്ലെന്ന് കൃഷ്ണൻ അറിയിച്ചു. മാത്തൂർ സ്വദേശിയാണെന്നും ബന്ധുക്കളെല്ലാം മരിച്ചതായും നാട്ടിൽ ആരുമില്ലെന്നു കൃഷ്ണൻ പറഞ്ഞു.
2021 ഓഗസ്റ്റിലാണ് കൃഷ്ണൻ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. അസുഖം ഭേദമായിട്ടും ആശുപത്രിയിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ അദ്ദേഹം കഴിച്ചുകൂട്ടി. പിന്നീട് ആശുപത്രിയിലെ നഴ്സുമാർ തന്നെ അദ്ദേഹത്തിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയായിരുന്നു. രാവിലെ ഭക്ഷണമെത്തിച്ചു നൽകും. ഉച്ചയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പൊതിച്ചോറും അദ്ദേഹത്തിനായി മാറ്റിവയ്ക്കും.
വൈകുന്നേരത്തേക്കുള്ള ഭക്ഷണവും മരുന്നും നഴ്സുമാർ വാങ്ങിനൽകുകയും ചെയ്യും. ആഴ്ചകൾക്കു മുൻപായിരുന്നു കൃഷ്ണന്റെ പിറന്നാൾ. കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷിച്ചത്. വസ്ത്രങ്ങളും മറ്റും സമ്മാനമായി നൽകി.
ആശുപത്രി അറ്റൻഡർ എൻ.വിജയകുമാരി, കെ.വിജയൻ, നഴ്സുമാരായ എസ്.ശ്രുതി, അനു ഭാസ്കരൻ, എസ്.സുമ, എസ്.അശ്വതി തുടങ്ങി ഓരോ ദിവസവും ഡ്യൂട്ടിക്കെത്തുന്ന നഴ്സുമാരെല്ലാം കൃഷ്ണനെ സ്നേഹത്തോടെയാണ് പരിചരിക്കുന്നത്.
കൃഷ്ണന്റെ കാര്യം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് കെ.വി.സിന്ധു പറഞ്ഞു. മഴക്കാലമായാൽ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് കൂടുതൽ ആളുകളെത്തുമെന്നതിനാൽ സുമനസ്സുകളുടെ സഹായത്തോടെ കൃഷ്ണനെ മറ്റൊരു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന് ആശുപത്രി ജീവനക്കാർ ആവശ്യപ്പെടുകയും ചെയ്തു.
Discussion about this post