തിരൂര്‍: നായയെ കിണറ്റിലിറങ്ങി രക്ഷിക്കുന്നതിനിടെ കല്ലിളകി തലയില്‍ വീണ് രക്ഷാപ്രവര്‍ത്തകന് ദാരുണാന്ത്യം. എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സ് അംഗം നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം കാവുങ്ങപ്പറമ്പില്‍ കാസിമിന്റെ മകന്‍ കെപി നൗഷാദ് (45)ആണ് കൊല്ലപ്പെട്ടത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ സുഹൃത്തിനെ രക്ഷിക്കാനാവാത്തതിന്റെ ഞെട്ടലിലാണ് ഉഷ. കെപി നൗഷാദും ടി.പി. ഉഷയും എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സ് അംഗങ്ങളാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കിണറ്റില്‍ വീണ നായയെ രക്ഷിക്കാന്‍ നൗഷാദിനൊപ്പം ഉഷയും ഉണ്ടായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നൗഷാദ് മരണത്തിനു കീഴടങ്ങി. ഇതിനു സാക്ഷിയായ സഹപ്രവര്‍ത്തക ഉഷയ്ക്ക് മരണത്തില്‍ നിന്ന് നൗഷാദിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരിക്കേറ്റ നൗഷാദിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട്ടേക്കും കൊണ്ടുപോകുമ്പോള്‍ ആംബുലന്‍സില്‍ ഉഷയുമുണ്ടായിരുന്നു. നൗഷാദ് ഉഷയുടെ കണ്‍മുന്‍പില്‍വെച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
സ്വന്തം സഹോദരനെപ്പോലെയായിരുന്നു നൗഷാദ്. ഒരു പ്രതിഫലേച്ഛയുമില്ലാതെ അവന്‍ ആരു വിളിച്ചാലും രക്ഷാപ്രവര്‍ത്തനത്തിന് ഓടും. ഒടുവില്‍ എനിക്കവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല’ -ഉഷ വിങ്ങലോടെ പറഞ്ഞു.
താനൂരിനടുത്ത് തെയ്യാല പറപ്പാറപ്പുറത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കിണറ്റിലിറങ്ങിയ നൗഷാദ് നായയുടെ അരയില്‍ കയര്‍ കെട്ടിയതോടെ മുകളില്‍ നിന്നവര്‍ വലിച്ച് കരയ്ക്കുകയറ്റുകയായിരുന്നു. ഇതിനിടെ പാതിവഴിയില്‍ വെച്ച് നായ പിടഞ്ഞു. ഇതോടെ കയറിളകി ആള്‍മറയില്ലാത്ത കിണറിന്റെ മുകള്‍വശത്തുനിന്ന് കല്ലിളകി നൗഷാദിന്റെ തലയില്‍ വീഴുകയായിരുന്നു.
നൗഷാദിനെ നാട്ടുകാര്‍ കരയിലെത്തിച്ച് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലയില്‍ രക്തസ്രാവം നിലയ്ക്കാതായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയ ഉടനെ മരിച്ചു.
പാമ്പുപിടിത്തത്തില്‍ ലൈസന്‍സുള്ള ഉഷയും രക്ഷാപ്രവര്‍ത്തകനായ നൗഷാദും ഇതിനകം നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തകയായ ഉഷയ്ക്ക് 2013 മുതല്‍ നൗഷാദിനെ അറിയാം. കഴിഞ്ഞ മൂന്നുവര്‍ഷമായി നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉഷയും നൗഷാദും പങ്കാളികളായിട്ടുണ്ട്.