മലപ്പുറം: ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ നിലമ്പൂർ സ്വദേശിയായ ഷൈബിൻ അഷ്റഫ് കുറഞ്ഞകാലത്തിനുള്ളിൽ കോടീശ്വരനായതിൽ ദുരൂഹത. തനിക്ക് 300 കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്നാണ് ചോദ്യംചെയ്യലിൽ ഷൈബിൻ തന്നെ വെളിപ്പെടുത്തിയത്. ദരിദ്ര കുടുംബത്തിൽ ജനിച്ച ഷൈബിനെ പിതാവ് ചെറുപ്പത്തിൽ നാട്ടിൽ ഓട്ടോ ഓടിച്ചും മറ്റുമാണ് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. ദരിദ്രമായ ചുറ്റുപാടിൽ നിന്നും കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഷൈബിൻ കോടീശ്വരനായത് ദുരൂഹമാണെന്ന് അടുപ്പക്കാരടക്കം പറയുന്നു.
2005-ൽ ഷൈബിൻ വിദേശത്തു ജോലിക്കുപോയത്. എന്നാൽ പിന്നീട് ആറേഴുവർഷം കഴിഞ്ഞപ്പോഴേക്കും കുടുംബം മൊത്തത്തിൽ വലിയതോതിൽ അഭിവൃദ്ധിപെട്ടതാണ് നാട്ടുകാർക്ക് കാണാനായത്. കുടുലിൽ കഴിഞ്ഞിരുന്ന കുടുംബം കുറഞ്ഞകാലത്തിനുള്ളിൽ വലിയ വാടകവീടുകളിലേക്ക് താമസം മാറി.
സുൽത്താൻബത്തേരിയിൽ ഓട്ടോറിക്ഷ ഓടിച്ചും ലോറി ക്ലീനറായും അല്ലറച്ചില്ലറ അടിപിടി കേസിലൊക്കെ പിടിക്കപ്പെട്ടും കഴിഞ്ഞിരുന്ന ഷൈബിന്റെ അതിവേഗത്തിലുള്ള സാമ്പത്തികമായ ഉന്നതി ദുരൂഹത നിറഞ്ഞതാണ്. ഷൈബിന്റെ സാമ്പത്തിക സ്രോതസ്സും നിലവിൽ അന്വേഷണ പരിധിയിലാണ്.
ഉപജീവനമാർഗം തേടി ഗൾഫിലേക്ക് പോയ മാതാവിന്റെ സഹായത്തോടെയാണ് ഷൈബിനും നാടുകടന്നത്. പിന്നീട് 2013-ൽ മടങ്ങിയെത്തി നിലമ്പൂർ മുക്കട്ടയിൽ വലിയൊരു വീട് വാങ്ങി ഇയാൾ നാട്ടിൽ താമസമാക്കി. നാട്ടുകാരുമായി അടുപ്പത്തിനൊന്നും ഷൈബിൻ മുതിർന്നിരുന്നില്ല. ചില സുഹൃത്തുക്കളെ മാത്രമാണ് അടുപ്പിച്ചിരുന്നത്.
പണത്തിന്റെ ഒഴുക്കിൽ ധാരാളം ഭൂമിയും ഷൈബിൻ സ്വന്തമാക്കിയിരുന്നു. സുൽത്താൻ ബത്തേരിക്കടുത്ത് ഊട്ടി റോഡിൽ പുത്തൻക്കുന്നിൽ ഷൈബിൻ വർഷങ്ങളായി പണിതുകൊണ്ടിരിക്കുന്നത് 20,000 ചതുരശ്രയടിക്കടുത്ത് വിസ്തീർണമുള്ള കൊട്ടാര സദൃശ്യമായ മണിമാളികയാണ്. ഈ വീടിന്റെ നിർമാണം പത്തുവർഷമാകാറായിട്ടും പൂർത്തിയായിട്ടില്ല. 20 കോടിയിലേറെ രൂപയാണ് വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇടക്കാലത്ത് കെട്ടിടത്തിന്റെ പണികൾ നിലച്ചുപോയിരുന്നെങ്കിലും അടുത്തിടെ പുനരാരംഭിച്ചിരുന്നു. എണ്ണവ്യാപാരമടക്കമുള്ള ഒട്ടേറെ സംരംഭങ്ങൾ ഗൾഫിലുണ്ടെന്നാണ് ഷൈബിൻ തന്നെ തന്റെ അടുപ്പക്കാരോട് പറഞ്ഞിട്ടുള്ളത്.
പണം ഒഴുക്കാൻ മടിയില്ലാതിരുന്ന ഷൈബിൻ നാട്ടിലെ യുവാക്കളെ ഒപ്പം കൂട്ടി ഒരുസംഘം രൂപീകരിച്ചിരുന്നു. ഇവരിൽ ചിലരെ ഷൈബിൻ ഗൾഫിലേക്ക് കൊണ്ടുപോവുകയും സ്വന്തം അംഗരക്ഷകരാക്കുകയും ചെയ്തിരുന്നു. കൈപ്പഞ്ചേരി, റഹ്മത്ത് നഗർ എന്നിവിടങ്ങളിലുള്ള ചെറുപ്പക്കാരായിരുന്നു ഇതിലധികവും. നാട്ടിലെത്തി ആഡംബരവാഹനങ്ങളിൽ ഷൈബിൻ സഞ്ചരിക്കുമ്പോൾ അകമ്പടിവാഹനങ്ങളിൽ ഈ ചെറുപ്പക്കാർ അംഗരക്ഷകരെന്നപോലെ കൂടെയുണ്ടാകുമായിരുന്നു.
അതേസമയം, ഷെബിൻ അഷ്റഫിന് കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ മുൻ പോലീസ് ഓഫീസറുടെ ഉപദേശങ്ങൾ ലഭിച്ചിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുറ്റകൃത്യങ്ങളിൽ നിന്നും ഷൈബിൻ പിടിയിലാകാതെ വഴുതിപ്പോയിരുന്നത് ഈ ബന്ധം മൂലമാണ്. വയനാട് സ്വദേശിയായ ഈ ഉദ്യോഗസ്ഥൻ ഷൈബിന്റെ വീടുകയറി അക്രമമുണ്ടായശേഷം നിലമ്പൂരിലെത്തിയതായും സൂചനയുണ്ട്.
ഇതിനിടെ കോവിഡ് കാലത്ത് വിദേശത്തെ ബിസിനസ് തകർന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഷൈബിനെന്ന് നാട്ടിലെ അടുപ്പക്കാർ പറയുന്നു. നിലമ്പൂരിലുണ്ടായിരുന്ന സ്ഥലത്തിന്റെ പകുതിയോളം വിറ്റു കടം തീർത്തു. കബഡി കളി തർക്കത്തെത്തുടർന്ന് വയനാട്ടിലുള്ള ഒരാളെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ ഷൈബിൻ നിലമ്പൂരിൽ ഏറെനാൾ ഒളിവിൽ കഴിയുകയും ചെയ്തിരുന്നു.
Discussion about this post