ബംഗളൂരു: കന്നഡ പിന്നണിഗായകനും മലയാളിയുമായ അജയ് വാരിയർക്ക് ബംഗളൂരു ദൊഡ്ഡകല്ലസാന്ദ്ര മെട്രോ സ്റ്റേഷനു സമീപത്തെ അഴുക്കുചാലിൽവീണ് പരിക്കേറ്റു. അപകടത്തിൽ, ഇടതുകാൽമുട്ടിന് താഴെ 13 തുന്നിക്കെട്ടുകളാണ് ഇട്ടത്. അതേസമയം, അപകടം നടന്ന് ദിവസങ്ങളായിട്ടും അഴുക്കുചാൽ മൂടാൻ അധികൃതർ തയ്യാറായിരുന്നില്ല. ഒടുവിൽ തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് അജയ് വാരിയർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെയാണ് അധികൃതർ കുഴിയടയ്ക്കാൻ തയ്യാറായത്.
‘മഴപെയ്ത് റോഡിൽ വെള്ളമായതിനാൽ നടപ്പാതയിൽ സ്ലാബ് തുറന്നുവെച്ചത് ശ്രദ്ധയിൽപ്പെട്ടില്ല. നാട്ടിൽപോയി മടങ്ങിയെത്തിയിട്ടും സ്ലാബ് മൂടിയതായി കണ്ടില്ല. ഇനി മറ്റൊരാൾ വീഴരുതെന്ന ഉദ്ദേശ്യത്തോടെയാണ് അപകടത്തെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടത്’ -അജയ് വാരിയർ പറഞ്ഞു.
ഓവുചാൽ താത്കാലികമായാണ് അടച്ചിരിക്കുന്നത്. കേരളത്തിലേക്കുള്ള യാത്രയ്ക്കായി മെട്രോസ്റ്റേഷനിലേക്കു പോകുമ്പോഴാണ് താരത്തിന് അപകടം സംഭവിച്ചത്. അഴുക്കുചാലിൽ വീണെങ്കിലും നാട്ടിലേക്കുള്ള യാത്ര മുടക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവണ്ടിയിൽവെച്ച് കാലിലെ മുറിവിൽനിന്ന് രക്തം വന്നെങ്കിലും എറണാകുളത്തെത്തിയാണ് ആശുപത്രിയിൽ നിന്ന് ചികിത്സതേടിയത്.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽ തിരിച്ചെത്തിയപ്പോൾ അപകടമുണ്ടാക്കിയ കുഴി മൂടിയിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അപകടത്തെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടത്. തുടർന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ കുഴിയടയ്ക്കാൻ നടപടി സ്വീകരിച്ചു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ.) കീഴിലുള്ള മെട്രോസ്റ്റേഷൻ സർവീസ് റോഡിലെ അഴുക്കുചാലിലാണ് അപകടമുണ്ടായത്.