കോഴിക്കോട്: മോഡലും വ്ളോഗറുമായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ അന്വേഷണം ദൃഢമാകുന്നു. മെഹ്നാസ് വിദേശത്തേക്ക് കടക്കുന്നത് തടയാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചില സൂചനകളെ തുടർന്നാണ് പോലീസ് നീക്കം.
നേരത്ത പോലീസ് പലതവണ ചോദ്യം ചെയ്യലിനെത്താൻ ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ഹാജരായിരുന്നില്ല. റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ശക്തമായത്.
ALSO READ- കോഴിക്കോട് യുവ മോഡല്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
പോലീസ് പ്രാഥമിക അന്വേഷണം നടത്തി കാസർകോട് സ്വദേശിയായ മെഹ്നാസിന്റെ പേരിൽ കേസെടുത്തിരുന്നു. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണകുറ്റം, ഗാർഹിക പീഡനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് മെഹ്നാസിനെതിരേ കേസെടുത്തിരിക്കുന്നത്.
റിഫയുടെ മരണം ആത്മഹത്യയല്ലെന്ന കുടുംബത്തിന്റെ ആരോപണം കണക്കിലെടുത്താണ് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.
ആന്തരികാവയവങ്ങളിലെ രാസപരിശോധന റിപ്പോർട്ടുൾപ്പെടെയുള്ള വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസിൽ നിർണാകമായ ഈ തെളിവുകൾ ശേഖരിച്ചതിന് ശേഷമായിരിക്കും പോലീസ് മെഹ്നാസിന് എതിരെ നടപടിയെടുക്കുക.