തൃശൂര്‍: മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ‘ഥാര്‍’ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെതിരെ വാഹനം ആദ്യം ലേലം കൊണ്ട അമല്‍ മുഹമ്മദ്.
എല്ലാ നിയമങ്ങളും പാലിച്ചാണ് ഥാര്‍ ലേലം കൊണ്ടതെന്നും പുനര്‍ലേലം അംഗീകരിക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും അമല്‍ പറഞ്ഞു. ദേവസ്വത്തിന്റേത് പക്ഷപാതപരമായ തീരുമാനമാണ്. വിഷയത്തില്‍ അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടര്‍ നടപടി തീരുമാനിക്കുമെന്നും അമല്‍ അറിയിച്ചു.
മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ‘ഥാര്‍’ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 6ന് ‘ഥാര്‍’ പുനര്‍ലേലം നടക്കും. ലേല തീയതിയും വിശദാംശങ്ങളും പത്രത്തില്‍ പരസ്യം ചെയ്യും.
Read Also: ‘ഗുരുവായൂരപ്പന്റെ ഥാര്‍’ അമലിന് കിട്ടില്ല: ജൂണ്‍ 6ന് വീണ്ടും ലേലം വിളിച്ച് ദേവസ്വം
മഹീന്ദ്ര കമ്പനി 2021 ഡിസംബര്‍ 4നാണ് ക്ഷേത്രത്തില്‍ വഴിപാടായി ഥാര്‍ നല്‍കിയത്.
നേരത്തെ സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ ഥാര്‍ ലേലത്തിന് വച്ചപ്പോള്‍ വലിയ പ്രതികരണമുണ്ടാക്കുമെന്നായിരുന്നു ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ഡിസംബര്‍ 18ന് നടന്ന ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്.
ബഹ്‌റൈനിലുള്ള പ്രവാസിയായ അമല്‍ മുഹമ്മദിന് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തിയാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂര്‍ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോള്‍ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാന്‍ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.
ലേലത്തിനെതിരെ ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാര്‍ ലേലം നിയമ പോരാട്ടത്തിലെത്തി. ഇരുകൂട്ടരേയും കേട്ട ശേഷമാണ് വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുത്തത്.