തൃശ്ശൂർ: ജീവിതം വീൽചെയറിലായതിനാൽ തൃശ്ശൂർ പൂരം ടിവിയിൽ മാത്രാം കാണാനുള്ള യോഗമാണ് ഞമനേങ്ങാട് സ്വദേശി കവിത പി. കേശവൻ, കുന്നംകുളം സ്വദേശി ലീന എൽത്തുരുത്ത്, പൂത്തോൾ സ്വദേശി സൗമ്യ എന്നിവർക്കുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഈ മൂന്ന് പേരും കൺനിറയെ തൃശ്ശൂർ പൂരം കണ്ടു. അപൂർവ്വ ഭാഗ്യം കൈവന്ന സന്തോഷത്തിലാണ് കവിതയും ലീനയും സൗമ്യയും. ഇവർക്ക് ഈ ഭാഗ്യം ഒരുക്കി കൊടുത്തതാകട്ടെ അഗ്നിരക്ഷാസേനയും,
പിക്കപ് വാനിന്റെ പിന്നിൽ വീൽചെയറോടെ കയറി ഇരുന്നാണ് ഇവർ പൂരം കൺകുളിർക്കെ കണ്ടത്. മൂന്നു പേരും ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്കറിനോടു പൂരം കാണാനുള്ള മോഹം പങ്കുവച്ചത്. അരുൺ ഭാസ്കർ വിവരം കളക്ടർ ഹരിത വി. കുമാറിനെ അറിയിച്ചു. മൂവർക്കും പൂരം കാണാനുള്ള സൗകര്യം ഒരുക്കാൻ കളക്ടർ നിർദേശിച്ചതോടെ അഗ്നിരക്ഷാസേനയുടെ ജീപ്പ് ഇവരുടെ അടുത്തേയ്ക്ക് എത്തി. ശേഷം, പൂരപ്പറമ്പിലേക്കു മൂവരെയും ജീപ്പിലെത്തിച്ചു.
സ്ത്രീകൾക്കായി ജില്ലാ ഭരണകൂടം ഒരുക്കിയ പവിലിയനിൽ പ്രവേശിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും വീൽചെയറിലിരുന്നു കുടമാറ്റം കാണാനാകില്ലെന്ന് വ്യക്തമായി. ഇതോടെ അഗ്നിരക്ഷാസേനയുടെ പിക്കപ് വാൻ തെക്കേഗോപുരനടയിലേക്കു പാഞ്ഞെത്തി. ആൾക്കൂട്ടത്തിൽ വഴിയൊരുക്കി പിക്കപ് വാൻ പാർക്ക് ചെയ്തു. വീൽചെയർ ഉൾപ്പെടെ 3 പേരെയും വാനിന്റെ പിന്നിൽ കയറ്റി. വൈകിട്ടു 4 മണിയോടെ വാനിന്റെ മുകളിലെത്തിയ 3 പേരും 8 മണിയോടെയാണു താഴെയിറങ്ങിയത്. ഈ നേരമത്രയും പൂരം ഇവർ മനസറിഞ്ഞ് കണ്ടു.
Discussion about this post