തിരുവനന്തപുരം: നെടുമങ്ങാട് ആനാടിന് സമീപമുള്ള ഫ്ളാറ്റിൽ യുവാവും യുവതിയും തീകൊളുത്തി മരിച്ചു. ആനാട് സ്വദേശികളായ അഭിലാഷ്, ബിന്ദു എന്നിവരാണ് വെന്തു മരിച്ചത്. ബിന്ദുവും അഭിലാഷും നിയമപരമായി വിവാഹിതരല്ലെങ്കിലും കഴിഞ്ഞ ഒരുവർഷത്തോളമായി ഈ ഫ്ളാറ്റിൽ കുടുംബമായി താമസിക്കുകയായിരുന്നു. ബിന്ദു നേരത്തെ വിവാഹിതയായിരുന്നു.
ഇവരുടെ ആറു വയസുകാരനായ മകനും ഇവർക്കൊപ്പമായിരുന്നു താമസം. ഗൾഫിൽ ജോലി ചെയ്തിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസം വൈകീട്ടാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ബിന്ദു മണ്ണെണ്ണ സ്വന്തം ശരീരത്തിലും അഭിലാഷിന്റെയും കുട്ടിയുടെയും ദേഹത്തും ഒഴിക്കുകയായിരുന്നു. ഇതിനിടെ കുട്ടി പുറത്തേക്കോടി. ഉടനെതന്നെ മുറിയിൽ തീപടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഫ്ളാറ്റിന് പുറത്തേക്കോടിയ കുട്ടിയാണ് തീപിടത്തത്തിന്റെ കാര്യം മറ്റുള്ളവരെ അറിയിച്ചത്. സമീപത്തുള്ളവർ ഓടിയെത്തിയെങ്കിലും ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുടുംബപ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.
Discussion about this post