പാലക്കാട്: ട്രെയിനില്‍ സീറ്റു ലഭിക്കാതെ യാത്ര ചെയ്യുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് കുഞ്ഞു മരിച്ച സംഭവത്തില്‍ ഖേദമുണ്ടെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വ്യാഴാഴ്ച ഷമീര്‍-സുമയ്യ ദമ്പതികളുടെ ഒരുവയസുള്ള കുഞ്ഞ് മരിച്ചത്. തിരക്കിട്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത ഇവര്‍ കുഞ്ഞിന്റെ സംരക്ഷണാര്‍ഥം സ്ലീപ്പര്‍ കോച്ചില്‍ കയറിയെങ്കിലും ബര്‍ത്തു ലഭിക്കാതെ വലയുകയായിരുന്നു.
തുടര്‍ന്ന് ജനറല്‍ കന്പാര്‍ട്ട്‌മെന്റില്‍ വീണ്ടും യാത്ര തുടരുന്നതിനിടെയാണ് കുറ്റിപ്പുറത്ത് വച്ച് കുഞ്ഞ് മരിക്കുന്നത്. സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റ് പരിശോധകരോട് പറഞ്ഞിട്ടും സീറ്റ് ലഭിച്ചില്ലെന്ന വിവാദം കൊടുമ്പിരി കൊണ്ടിരിക്കെയാണ് സംഭവത്തില്‍ റെയില്‍വേ ട്വീറ്റിലൂടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ട്വീറ്റില്‍ പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ രോഗാവസ്ഥയോ ആശുപത്രികാര്യമോ ദമ്പതികള്‍ ടിക്കറ്റു പരിശോധകരോട് പറഞ്ഞിട്ടില്ല. ബര്‍ത്ത് ആവശ്യപ്പെട്ട് സമീപിച്ചിട്ടുമില്ല. അതേസമയം കുഞ്ഞ് മരിച്ച സംഭവത്തില്‍ അതീവ ഖേദമുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
അതേസമയം സീറ്റു ലഭിക്കാനായി ദമ്പതികള്‍ കുഞ്ഞുമായി എട്ടോളം കോച്ചുകള്‍ കയറിയിറങ്ങിയിട്ടും ടിടിഇമാര്‍ സീറ്റ് നല്‍കാതെ ഇറക്കിവിട്ടെന്ന പരാതി റെയില്‍വെക്കെതിരെ ശക്തമായി നിലനില്‍ക്കുകയാണ്.