ചേര്‍ത്തല: തട്ടുകടയില്‍ നിന്നും വാങ്ങിയ കപ്പ ബിരിയാണിയില്‍ വെള്ളി മോതിരം.
കണിച്ചുകുളങ്ങര സ്വദേശിയായ യുവാവ് വാങ്ങിയ പാഴ്‌സലിലാണ് വെള്ളിമോതിരം കണ്ടെത്തിയത്
ഭക്ഷണം കഴിച്ചയാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന് നല്‍കിയ പരാതിയില്‍ തട്ടുകട അടച്ചിടാന്‍ നിര്‍ദേശം നല്‍കി. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടക്കെതിരെയാണ് പരാതി ഉയര്‍ന്നത്.
കണിച്ചുകുളങ്ങര സ്വദേശി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ നിന്നും മോതിരം കിട്ടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു. നഗരത്തിലാണ് ഭക്ഷണം വില്‍പന നടത്തിയതെങ്കിലും പാകം ചെയ്തത് തണ്ണീര്‍മുക്കം പഞ്ചായത് പരിധിയിലാണെന്നതിനാല്‍ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടര്‍ നടപടികള്‍.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കട അടച്ചിടുന്നതിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു നടപടിയെടുക്കുന്നതിനിടെയാണ് തട്ടുകടക്കെതിരെ പരാതി ഉയര്‍ന്നത്.