തിരുവനന്തപുരം: ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ടത്ര പഠനം നടത്താതെ റോഡ് വെട്ടിപ്പൊളിച്ചത് വഴി പിഡബ്ല്യുഡിക്ക് നഷ്ടം 3000 കോടി രൂപ. ഇത്തരത്തില്‍ റോഡ് വെട്ടിപ്പൊളിക്കുന്നത് അഴിമതിക്കു വേണ്ടിയാണെന്ന് മന്ത്രി ജി സുധാകരന്‍ ആരോപിച്ചു. പാലക്കാട് ജില്ലയിലെ 2016 മുതലുളള റോഡ് നിര്‍മാണ പ്രവൃത്തികളും കരാറുകളും അവലോകനം ചെയ്യുമ്പോഴാണ് മന്ത്രി ഉദ്യോഗസ്ഥരുടെ സഹകരണമില്ലായ്മയെ വിമര്‍ശിച്ചത്.
ടാര്‍ ചെയ്ത റോഡ് വെട്ടിപ്പൊളിക്കുകയും മരംമുറിക്കാന്‍ അനുമതി നല്‍കാതെയും പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഉദ്യോഗസ്ഥര്‍. പൊതുമരാമത്തിലെ കരാറുകാരുടെ മെല്ലപ്പോക്ക് തിരുത്തിപ്പിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുതിരാന്‍ റോഡിലെ സ്തംഭനാവസ്ഥ ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണെന്നും മന്ത്രി പാലക്കാട്ടു പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കുമെന്നും 12 മണ്ഡലങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 48 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
റോഡ് നിര്‍മ്മാണത്തിന് കാലതാമസം വരുത്തുന്നതായുളള ജനപ്രതിനിധികളുടെ പരാതിയില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രി വിശദീകരണം തേടി.