കോതമംഗലം: വിവാഹ വാർഷിക ദിനത്തിൽ മൂന്നു മക്കൾക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയ പിതാവ് മുങ്ങി മരിച്ചു. ഇഞ്ചൂർ കുറുമാട്ടുകുടി അബി കെ.അലിയാർ (42) ആണ് നാടിനെയും വീടിനെയും സങ്കട കയത്തിൽ ആക്കി വിട പറഞ്ഞത്. കോഴിപ്പിള്ളി പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽപെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത അപകടം നടന്നത്. ഇഞ്ചൂർ ചെക്ഡാമിനു സമീപം ചൊവ്വാഴ്ച രാവിലെ 11.50നാണ് സംഭവം.
അപകടത്തിൽ പെട്ട 12 വയസുകാരനായ മകൻ അമീറിനെ ഈ സമയം പുഴയിൽ കുളിക്കാനെത്തിയ കോതമംഗലം അഗ്‌നിരക്ഷാസേനയിലെ സിവിൽ ഡിഫൻസ് അംഗം റെജി രക്ഷപ്പെടുത്തി. അബിയെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കയത്തിൽ മുങ്ങിതാഴുകയായിരുന്നു.
റെജി അറിയിച്ചതിനെ തുടർന്ന് എത്തിയ കോതമംഗലം അഗ്‌നിരക്ഷാ സേനയിലെ അംഗങ്ങളായ ഷിബു പി.ജോസഫ്, പി.എം.ഷാനവാസ്, വിഷ്ണു മോഹൻ എന്നിവർ അബിയെ മുങ്ങിയെടുത്തു കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിയെ രക്ഷിക്കാനായില്ല.
പാലാ ഗവ. പോളിടെക്‌നിക് ഇൻസ്ട്രക്ടറാണ് അബി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് മാതിരപ്പിള്ളി ജുമാ മസ്ജിദിൽ നടത്തും. അലിയാരുടെയും കദീജയുടെയും മകനാണ്. ഭാര്യ: നേര്യമംഗലം അയ്യന്തൂർ ജാസ്‌മോൾ. മറ്റു മക്കൾ: ആശിർ, ആദിൽ.
Discussion about this post