ആലപ്പുഴ: ഇന്ന് നാടുണർന്ന് കൂട്ടമരണത്തിന്റെ വാർത്ത കേട്ടുകൊണ്ടായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ വൈകാതെ തന്നെ, കൂട്ടമരണത്തിന് പിന്നിൽ പോലീസുകാരനായ റനീസിന് നേരെ ആരോപണ ശരങ്ങൾ ഉയർന്നിരിക്കുകയാണ്. ഇയാളുടെ വഴിവിട്ട പരസ്ത്രീ ബന്ധങ്ങളെ കുറിച്ച് അറിഞ്ഞ് മനംമടുത്ത ഭാര്യ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകായയിരുന്നു എന്നാണ് സൂചന.
ഭർത്താവിന് ഒന്നിലേറെ സ്ത്രീകളുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നും അതിൽ ഒരാൾ ഇയാളുടെ ബന്ധു തന്നെ ആയിരുന്നുവെന്നുമാണ് അടുത്തബന്ധുക്കൾ മൽകുന്ന വിവരം. ഇവരുടെ വാട്സ്ആപ്പ് ചാറ്റുകൾ പലതവണ ഭാര്യ നജില കണ്ടുപിടിക്കുകയും ഇതിന്റെ പേരിൽ വഴക്കടിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാതവണയും റനീസ് ഇവരെ ക്രൂരമായി മർദ്ദിച്ചായിരുന്നു വായടപ്പിച്ചിരുന്നതെന്നാണ് വിവരം. പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരുവരും തമ്മിൽ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും അയൽക്കാർ പറയുന്നു.
അതേസമയം, എന്നാൽ നജിലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് സഹോദരി നഫ്‌ല രംഗത്ത് എത്തി. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജ്ല. റനീസും അയാളുടെ കാമുകിയും ചേർന്ന് സഹോദരിയെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും സഹോദരി ആരോപിക്കുന്നു.
നജില വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റനീസ് നൽകിയില്ല. ബന്ധം വേർപ്പെടുത്തിയാൽ വീട്ടിലെത്തി നജിലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും സഹോദരി പറയുന്നു.
also read- വെള്ളി പാദസരം മോഷ്ടിക്കാനായി നാല് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി; യുവതി പിടിയിൽ
മരണം നടന്നതിന് തലേദിവസവും ഇരുവരും തമ്മിൽ ക്വാർട്ടേഴ്സിൽ തർക്കമുണ്ടായിരുന്നു. രാത്രി ജോലിക്ക് പോയി റനീസ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മക്കളും മരിച്ച നിലയിൽ കണ്ടത്. അഞ്ചുവയസ്സുകാരൻ ടിപ്പു സുൽത്താനെയും ഒന്നര വയസ്സുകാരി മലാലയെയും കൊലപ്പെടുത്തിയ ശേഷം മാതാവ് 28 കാരിയായ നജില ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഒരു കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്ഡ മുക്കി കൊല്ലുകയും മറ്റൊരു കുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്.