മലപ്പുറം: സമസ്ത നേതാവും മുഷാവറ അംഗവുമായ എംടി അബ്ദുള്ള മുസ്ലിയാർ വേദിയിലേക്ക് പെൺകുട്ടികളെ ക്ഷണിക്കുന്നതിനെ എതിർത്ത വീഡിയോ വൈറലായതോടെ എംഎസ്എഫ് മുൻ ദേശീയ വൈസ്പ്രസിഡന്റ് ഫാത്തിമാ തഹിലിയ വിമർശിച്ചിരുന്നു. ഇത്തരത്തിൽ പെൺകുട്ടികളെ മാറ്റി നിർത്തുന്നത് സമുദായത്തെ വെറുക്കുന്നതിലേക്ക് പുതിയ തലമുറയെ നയിക്കും എന്നാണ് തെഹിലിയ വിമർശിച്ചിരുന്നത്.
എന്നാൽ ഫാത്തിമ തെഹിലിയയ്ക്ക് നേരെ ഫേസ്ബുക്കിൽ സൈബർ ആക്രമണമാണ് മറുപടിയായി ലഭിച്ചിരിക്കുന്നത്. മതവിധി നേതാക്കൾ പറയുമെന്നും തെഹിലിയ അഭിപ്രായം പറയേണ്ടെന്നുമാണ് മതമൗലികവാദികൾ അഭിപ്രായപ്പെടുന്നത്. ‘മുസ്ലിയാരെ ദീൻ പഠിപ്പിക്കാൻ ഒരു പെണ്ണും വരണ്ട, ദീനിന്റെ കാര്യത്തിൽ രാഷ്ട്രീയക്കാർ ഇടപെടണ്ട’ എന്നൊക്കെയാണ് കമന്റുകൾ.
ഫാത്തിമ തെഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ വയനാട് മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെൺകുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും ഒട്ടനവധി മേഖലകളിൽ അവർ തിളങ്ങുന്നു.
ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.
Discussion about this post