വേളം: കോഴിക്കോട് വേളത്ത് വിവാഹം നടന്ന വീട്ടിൽനിന്നും 16 പവൻ സ്വർണം മോഷ്ടിച്ചു. കഴിഞ്ഞദിവസം വിവാഹം നടന്ന ഒളോടിത്താഴയിലെ നടുക്കണ്ടിയിൽ പവിത്രന്റെ വീട്ടിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച 16 പവൻ സ്വർണമാണ് നഷ്ടമായത്.
വ്യാഴാഴ്ചയായിരുന്നു പവിത്രന്റെ ഇളയമകളുടെ വിവാഹം. വിവാഹത്തിന് പിന്നാലെ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി പരിശോധന നടത്തി.
മോഷണം നടന്ന വീട് പഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതിൽ, വൈസ് പ്രസിഡന്റ് കെസി ബാബു, അംഗങ്ങളായ കെകെ മനോജൻ, സിത്താര, പിപി ചന്ദ്രൻ എന്നിവർ സന്ദർശിച്ചു.
അതേസമയം, ഒളോടിത്താഴ മേഖലയിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവാണെന്ന് നാട്ടുകാർ പരാതിപെടുകയാണ്. ഏറ്റവുമൊടുവിൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെസി ബാബുവിന്റെ വീട്ടിൽനിന്നു ചാക്കിൽ സൂക്ഷിച്ച അടയ്ക്കയും റബ്ബർഷീറ്റും മോഷണം പോയിരുന്നു.
ഇതിനുമുമ്പ് എൻസിപി നേതാവ് കെസി നാണുവിന്റെ വീട്ടിൽനിന്നു സ്വർണാഭരണങ്ങൾ കവർന്നിരുന്നു. വിവാഹം, ഗൃഹപ്രവേശം നടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ കവർച്ച നടക്കുന്നത്.
Discussion about this post