തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നടി ശ്വേതാ മേനോന്റെ പരാമര്‍ശങ്ങള്‍ അപക്വവും തെറ്റിദ്ധരിപ്പിക്കുന്നതാണന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ- ഇന്ത്യ (കോംഇന്ത്യ).
ഇന്ത്യയിലെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകള്‍ നല്‍കുന്നത് പരിശോധിക്കാനും വിലയിരുത്താനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അതിന്റേതായ സംവിധാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സമിതികളും ഉണ്ട്.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ ഒന്നടങ്കം ശ്വേത വിമര്‍ശിച്ചത് അവരുടെ അറിവില്ലായ്മ തന്നെയാണ്. തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് ആരായാലും അവരുടെ അന്തസിന് ചേര്‍ന്നതല്ല.
ഇത്തരം വാര്‍ത്തകള്‍ വന്നാല്‍ നേരിടാന്‍ അവര്‍ക്ക് നിയമപരമായ എല്ലാ സ്വാതന്ത്യവും ഉണ്ട്. അതിരിക്കെ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ചേര്‍ത്ത് അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും കോം ഇന്ത്യ നേതൃത്വം വ്യക്തമാക്കി.
സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്വേത നടത്തിയ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍, സെക്രട്ടറി അബ്ദുള്‍ മുജീബ് എന്നിവര്‍ വ്യക്തമാക്കി.