കോഴിക്കോട്: ഇന്നലെ ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിനെ ചൊല്ലി തര്‍ക്കം പുകഞ്ഞപ്പോള്‍ പികെ കുഞ്ഞാലിക്കുട്ടി എംപി പങ്കെടുക്കാതിരുന്നത് മുസ്ലിം ലീഗിനുള്ളില്‍ പിറുപിറുക്കലിന് വഴിവെച്ചു. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി പോയതിനാലാണ് തനിക്ക് വരാന്‍ കഴിയാഞ്ഞത് എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.
എന്നാല്‍ മുത്തലാഖ് പോലെ ഏറെ വിവാദമായ വിശയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതും ദിവസവും സമയവും വ്യക്തമാണ് എന്നിട്ട് പോലും അതിന് പ്രാധാന്യം നല്‍കാതെ സുഹൃത്തിന്റെ കല്യാണത്തിന് പോയതാണ് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിച്ചത്.
ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്ലിം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മുത്തലാഖ് ബില്ലിനെതിരെ സമരം ചെയ്ത പാര്‍ട്ടിയുടെ പ്രധാന നേതാവ് തന്നെ ഇങ്ങനെ മാറി നിന്നതില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കേവലം രണ്ട് പേര്‍ മാത്രമുണ്ടായിരുന്നിട്ടു പോലും കേന്ദ്രസര്‍ക്കാറിന്റെ മുത്തലാഖ് നയത്തിനെതിരെ ശക്തമായി നിലപാടെടുത്ത വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി എന്നായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരായ സമസ്ത നേതൃത്വത്തിന്റെ വിമര്‍ശനത്തിന് സാദിഖലി തങ്ങള്‍ കോഴിക്കോട്ടെ ശരീഅത്ത് സമ്മേളനത്തില്‍ അന്ന് നല്‍കിയ മറുപടി.