ഇടുക്കി: സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റതോടെ വീട്ടുകാരുടെ ചീത്ത ഭയന്ന് അയൽക്കാരനെതിരെ വ്യാജപരാതി നൽകി കുട്ടി. വീട്ടിൽനിന്ന് ശിക്ഷ ലഭിക്കാതിരിക്കാൻ അയൽക്കാരൻ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ തള്ളിത്താഴെയിട്ട് കോൺക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നായിരുന്നു കുട്ടി നൽകിയ വ്യാജപരാതി. പരാതിയുടെ അിസ്ഥാനത്തിൽ കോമ്പയാർ പുളിക്കപ്പറമ്പിൽ സന്തോഷിനെതിരെ പോലീസ് കേസെടുത്തു.
പിന്നീട്, വ്യാജ പരാതിയാണ് ഇതെന്ന് കണ്ടെത്തിയതോടെ സന്തോഷിനെതിരേ നെടുങ്കണ്ടം പോലീസ് എടുത്ത കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് കാട്ടി കോടതിയിലേക്ക് റഫർ ചെയ്യുമെന്നു നെടുങ്കണ്ടം സിഐ ബിഎസ് ബിനു പറഞ്ഞു. പരിക്ക് പറ്റിയതിന് വീട്ടിൽനിന്ന് ശിക്ഷ ലഭിക്കാതിരിക്കാൻ ഉണ്ടാക്കിയ കള്ളക്കഥയാണിതെന്ന് കുട്ടി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അതേസമയം, കുട്ടിയുടെ പരാതി വ്യാജമാണെന്ന് പോലീസിന് തുടക്കത്തിലേ സംശയം ഉണ്ടായിരുന്നു. എന്നാൽ കുട്ടി മൊഴിയിൽ ഉറച്ചുനിന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നു. വീട്ടിലെത്തി മാതാപിതാക്കൾ വിശദമായി ചോദിച്ചപ്പോഴാണ്, എല്ലാം കുട്ടി ഉണ്ടാക്കിയ കഥയാണെന്ന് വെളിപ്പെടുത്തിയത്.
പരാതി നൽകാനായി ഒപ്പമെത്തിയ നാട്ടുകാർക്കൊപ്പം കുട്ടിയും മാതാപിതാക്കളും ശനിയാഴ്ച നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിക്കുകയായിരുന്നു. ഇതോടെ ആരോപണ വിധേയനായിരുന്ന കോമ്പയാർ പുളിക്കപ്പറമ്പിൽ സന്തോഷ് നിരപരാധിയാണെന്ന് തെളിഞ്ഞു.