കൽപ്പറ്റ: രക്താർബുദ ബാധിതനായ ഭർത്താവിനെയും കുടുംബത്തേയും ഓർത്ത് വിദേശത്ത് വീട്ടുപണിക്കായി പോയ ലിൻഡയുടെ കരളലിയിപ്പിക്കുന്ന ദുരിതങ്ങൾ മുമ്പ് വാർത്തയായിരുന്നു. ഇപ്പോഴിതാ. സുമനസുകളുടെ പ്രയത്‌നഫലമായി ലിൻഡ നാട്ടിലെത്തിയിരിക്കുകയാണ്.
ഭക്ഷണം നൽകാതേയും വിശ്രമിക്കാൻ അനുവദിക്കാതേയും തന്നെക്കൊണ്ട് നിരന്തരം പണിയെടുപ്പിച്ചിരുന്നെന്ന് ലിൻഡ പറയുന്നു. പാസ്പോർട്ടും ഫോണും സ്‌പോൺസർ പിടിച്ചുവച്ചു. ചോദിച്ചാൽ മർദ്ദനമായിരുന്നു മറുപടി. ഒരുഘട്ടത്തിൽ ആത്മഹത്യചെയ്താലോ എന്നുപോലും ആലോചിച്ചുപോയി-മൂന്നുമാസത്തെ പ്രവാസ ജീവിതം സമ്മാനിച്ചത് ദുരിതപർവ്വമാണെന്ന് വയനാട് വൈത്തിരി തൈലക്കുന്ന് മിച്ചഭൂമിയിലെ ലിൻഡ പറയുന്നു.
കുവൈറ്റിലെ സ്‌പോൺസറുടെ വീട്ടിലെ ദുരിത ജീവിതം അവസാനിപ്പിച്ച് ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് വെള്ളി പുലർച്ചെ ലിൻഡ നാടണഞ്ഞത്. ദുരിതങ്ങൾക്ക് ഒടുവിൽ ലിൻഡ തിരിച്ചെത്തിയ ആശ്വാസത്തിലാണ് രക്താർബുദ ബാധിതനായ ഭർത്താവ് ബിനോജ്.
ഭർത്താവ് ബിനോജിന് രക്താർബുദം ബാധിച്ചതോടെയാണ് തൊഴിൽതേടി ലിൻഡ ഗൾഫിൽ എത്തിയത്. ബത്തേരി സ്വദേശിയായ മുസ്തഫ മുഹമ്മദാണ് വീട്ടുജോലിക്കായി ലിൻഡയെ കുവൈറ്റിലേക്ക് കൊണ്ടുപോയത്. ജോലിക്ക് കയറിയ വീട്ടിൽ വിശ്രമമില്ലാതെ പണിയെടുപ്പിച്ചു. നാട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ ലിൻഡയെ മറ്റൊരു അറബിക്ക് വിറ്റു. 60,000 രൂപയോളം വിസയ്ക്കും ടിക്കറ്റിനുമായി ലിൻഡ നൽകിയിരുന്നു. ഭർത്താവിന്റെ ചികിത്സയുടെ ഭാഗമായി മൂന്ന് ലക്ഷത്തോളം രൂപ കടവുമുണ്ട്.
ഇന്ത്യൻ എംബസിയിൽ പോകാൻപോലും സാധിക്കാതെ പ്രയാസത്തിലായ ഇവരുടെ പ്രവാസ ജീവിതം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് നോർക്കവഴി കേരള സർക്കാരും ബിനോയ് വിശ്വം എംപിയും കാര്യമായി ഇടപെട്ട് ലിൻഡയ്ക്ക് തണലൊരുക്കിയത്.
നാട്ടിൽ തിരിച്ചെത്തിയെങ്കിലും ഈ നിർധന കുടുംബത്തിന്റെ ആധി ഒഴിയുന്നില്ല. മിച്ചഭൂമിയിൽ രേഖയില്ലാത്ത ഏഴുസെന്റ് പുരയിടത്തിലെ കൂരയിലാണ് ഭർത്താവും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം താമസം. ഭർത്താവിന്റെ ചികിത്സക്ക് മാത്രമായി നല്ലൊരു തുക വേണം. കടങ്ങൾ വീട്ടണം. അടച്ചുറപ്പുള്ള വീട് വേണം. അതിനെല്ലാം പുറമേ മക്കളുടെ പഠനത്തിനും പണം കണ്ടെത്തണം. ഇതിനെല്ലാം കനിവുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
Discussion about this post