കോഴിക്കോട്: ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം കബറിൽ നിന്നും പുറത്തെടുത്തയാളുടെ മൊഴി പുറത്ത്. മൃതദേഹം പുറത്തെടുത്തപ്പോൾ അഴുകിയിരുന്നില്ലെന്നും മുഖമെല്ലാം മനസിലാകുന്നുണ്ട് എന്നും മൃതദേഹം കുഴിയിൽ നിന്നെടുത്ത അസീസ് പറഞ്ഞു.
റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് വിശദമായ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തത്. റിഫയുടെ ശരീരത്തിൽ പുറമെ മറ്റു പരിക്കുകളൊന്നും കാണാൻ കഴിഞ്ഞിട്ടില്ലെന്നും ശരീരം ചുരുങ്ങിയിട്ടുണ്ടെന്നും അസീസ് വ്യക്തമാക്കി.
മൃതശരീരത്തിൽ മണ്ണ് വീഴാത്തത് കൊണ്ടാണ് മൃതദേഹം പെട്ടെന്ന് ജീർണിക്കാതിരുന്നതെന്നും പറഞ്ഞു. കോഴിക്കോട് തഹസിൽദാരുടെ മേൽനോട്ടത്തിലായിരുന്നു മൃതദേഹം പുറത്തെടുക്കുന്ന നടപടികൾ പൂർത്തീകരിച്ചത്. സബ് കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ആർഡിഒ റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി നൽകിയത്. തുടർന്നാണ് ഫോറൻസിക് ഉദ്യോഗസ്ഥരുടെ സൗകര്യം കൂടി പരിഗണിച്ച് ഇന്ന് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്ന് തെറ്റിദ്ധരിപ്പിച്ചതായി റിഫയുടെ കുടുംബം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചു മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്താൻ പോലീസ് തീരുമാനിച്ചത്
മാർച്ച് ഒന്നിന് പുലർച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാട്ടിലെത്തിച്ച മൃതദേഹം വൈകാതെ തന്നെ രാവിലെയോടെ കബറടക്കുകയായിരുന്നു. റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ അന്വേഷണം ആരംഭിച്ച പോലീസ് ഭർത്താവ് മെഹ്നാസിന് എതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post