കൊച്ചി: സന്തോഷ് ട്രോഫിയില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയ മൂന്നു തലമുറയില്‍പ്പെട്ട താരങ്ങളുടെ അപൂര്‍വ സംഗമം. വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ കേരളാ ടീമിനെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങാണ് അപൂര്‍വ സംഗമത്തിന് വേദിയായത്. ചടങ്ങില്‍ കേരളാ ടീമിന് ഒരു കോടി രൂപയുടെ ചെക്കും കൈമാറി.
കേരളാ ഫുട്ബോളിനെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ മൂന്നു തലമുറകളുടെ ഒത്തുചേരലിനാണ് കൊച്ചി സാക്ഷിയായത്. സംസ്ഥാനത്തിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത മുന്‍ നായകന്‍മാരായ കുരികേശ് മാത്യു (1993), വി.ശിവകുമാര്‍ (2001), സില്‍വസ്റ്റര്‍ ഇഗ്നേഷ്യസ് (2004), രാഹുല്‍ ദേവ് (2018), ഇതിഹാസ താരങ്ങളായ ഐഎം വിജയന്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍ തുടങ്ങിയവര്‍ കേരളാ ടീം അംഗങ്ങള്‍ക്കും അണ്ടര്‍ 18 കേരളാ ടീമിനുമൊപ്പം സന്തോഷ് ട്രോഫി കിരീടം ഉയര്‍ത്തി.
കേരളത്തിന് രണ്ടാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത നായകന്‍ അന്തരിച്ച വി.പി. സത്യന്റെ ഭാര്യ അനിത സത്യനും ചടങ്ങില്‍ പങ്കെടുത്തു. കേരള ഫുട്ബോളിന്റെ സുവര്‍ണ കാലത്തിന്റെ അടയാളപ്പെടുത്തലിനൊപ്പം പുതു തലമുറയ്ക്കുള്ള പ്രചോദനം കൂടിയായി ഈ കൂട്ടായ്മ. മുന്‍ ക്യാപ്റ്റന്‍മാര്‍ക്ക് സ്വര്‍ണ നാണയം സ്നേഹ സമ്മാനമായി നല്‍കി.
കേരളാ ടീം നായകന്‍ ജിജോ ജോസഫ് ഡോ. ഷംഷീര്‍ വയലിന് നന്ദി പറഞ്ഞു. മലയാളത്തിന്റെ ഇതിഹാസ താരം ഐഎം വിജയന്‍ കേരളാ ടീമിനെ അഭിമാനത്തോടെ അഭിവാദ്യം ചെയ്തത് ആവേശക്കാഴ്ചയായി. വിപിഎസ് ഹെല്‍ത്ത് കെയര്‍ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, വിപിഎസ് ഹെല്‍ത്ത്കെയര്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ മേധാവി ഡോ. രാജീവ് മാങ്കോട്ടില്‍ എന്നിവരാണ് ഡോ. ഷംഷീറിന് വേണ്ടി ഒരു കോടി രൂപ ടീമിന് കൈമാറിയത്.
Discussion about this post