തൃക്കാക്കര: ഒരു കാരണവശാലും താൻ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാകില്ലെന്ന് വ്യക്തമാക്കി ജനപക്ഷം നേതാവ് പിസി ജോർജ്. ജെ പി നദ്ദയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു മഹാ സമ്മേളനത്തിൽ സംസാരിച്ചത് സ്ഥാനാർത്ഥിയാകാനല്ല എൽ ഡി എഫ് സ്ഥാനാർത്ഥി തന്റെ സ്വന്തം ആളാണെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
തൃക്കാക്കരയിൽ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ പ്രഖ്യാപനം നടന്നിട്ടില്ല. ഇതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുവെന്ന റിപ്പോർട്ട് വന്നതോടെയാണ് പിസി ജോർജ് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. പിന്നാലെയാണ് വിശദീകരണവുമായി പിസി രംഗത്ത് വന്നത്.
‘ഹിന്ദു മഹാ സമ്മേളനത്തിൽ ഞാനൊരു ആശയം മുന്നോട്ടു വച്ചിരിക്കുകയാണ്. ആ യുദ്ധവുമായി ഞാൻ മുന്നോട്ട് പോകുമ്പോൾ സ്ഥാനാർത്ഥി ആയാൽ അതിനുവേണ്ടിയാണ് ഈ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന പേരുദോഷം വരും. ഉമയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിലെ തർക്കം ഇപ്പോഴും നിലനിൽക്കുകയാണ്. ഇത് തൃക്കാക്കരയിൽ യുഡിഎഫിന് ഗുണം ചെയ്യില്ല. എൽഡിഎഫ് സ്ഥാനാർത്ഥി വളരെ നല്ല ചെറുപ്പക്കാരനാണ്.’ – പി സി ജോർജ് പറഞ്ഞു.