തുറവൂര്‍: റോഡരികില്‍ ഒരു വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി പാലുകാച്ചലും കഴിഞ്ഞ് മടങ്ങിയ യുവാവിന് ദാരുണാന്ത്യം. എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ ഇളയമകനാണ് ഷിനോയ് ഷാജി (23)യാണ് ചെങ്ങന്നൂര്‍ മുളക്കുഴയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്.
മൂന്നടി വീതിയുള്ള വഴിയിലൂടെ വീട്ടുമുറ്റത്തേക്ക് കാര്‍ എത്തില്ല എന്നതിനാലാണ് ഒരുവര്‍ഷത്തെ കാലാവധി പറഞ്ഞുറപ്പിച്ച് വീട്ടിലേക്ക് തിരിയുന്ന റോഡരികില്‍ ഒരു വീട് സ്വന്തമാക്കിയത്. ബുധനാഴ്ച അടുപ്പക്കാരെ മാത്രം പങ്കെടുപ്പിച്ച് അവിടെ പാല്‍ കാച്ചുകയും ചെയ്തു.
പകല്‍ മുഴുവന്‍ സന്തോഷം അലയടിച്ച വീട്ടില്‍നിന്ന് പുറപ്പെട്ട ഷിനോയിയും സുഹൃത്തും അര്‍ധരാത്രിയാണ് ചെങ്ങന്നൂര്‍ മുളക്കുഴയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. ശാന്തിയുടെ ചുമതലയുള്ള കൊട്ടാരക്കരയിലെ ക്ഷേത്രത്തിലെ തിരക്കുകള്‍ മാറ്റിവെച്ച് പാലുകാച്ചലില്‍ പങ്കെടുത്ത ഷിനോയി, വൈകീട്ട് വീട്ടില്‍നിന്ന് മടങ്ങുകയായിരുന്നു. അപകടവിവരം വീട്ടില്‍ അറിയുന്നത് പുലര്‍ച്ചെയാണ്.
ചെറുപ്പത്തിലേതന്നെ വീടിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ഷിനോയി, നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ ഇളയമകനാണ് ഷിനോയ് ഷാജി (23). നാട്ടില്‍ ഡി.വൈ.എഫ്.ഐ.യുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷിനോയ്. കുഞ്ഞാലി നഗര്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗംകൂടിയാണ്. അമ്മ വിജിയെയും സഹോദരി ഷിജിതയെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കളടക്കമുള്ളവര്‍ വിഷമിച്ചു.