കൊച്ചി:യുവനടിയുടെ ബലാത്സംഗ പരാതിയെ തുടർന്ന് വിദേശത്തേക്ക് ഒളിച്ചുകടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി പോലീസ്. വിജയ് ബാബുവിനെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയാൽ ഇയാളെ കണ്ടെത്താനാവുമെന്നാണ് പോലീസിന്റെ നിഗമനം.
ബ്ലൂ കോർണർ നോട്ടീസ് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചെന്നും അന്തിമ നടപടികൾ പൂർത്തിയായെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ വിയു കുര്യാക്കോസ് അറിയിച്ചു.
ഇതിനിടെ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങൾക്ക് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കിൽ പെടാത്ത പണം സിനിമാ മേഖലയിൽ നിക്ഷേപിക്കപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സിനിമാ നിർമാണ രംഗത്ത് സ്വാധീനമുറപ്പിക്കാൻ വിദേശത്ത് നിന്നുള്ള കണക്കിൽ പെടാത്ത പണം വിജയ് ബാബു ഇറക്കിയെന്നാണ് സൂചന.
ALSO READ- മദ്യപിച്ച് ബോധംകെട്ട് പിതാവ് റോഡരികിൽ വീണു; തനിച്ചായ അഞ്ചുവയസുകാരന് തുണയായി പോലീസ്
സിനിമാ മേഖലയിലടക്കം സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന ലോക്ഡൗൺ കാലത്തും വിജയ് ബാബു നിർമാണത്തിന് പണം മുടക്കിയെന്നും ഇത് സംശയാസ്പദമാണെന്നും ആരോപണങ്ങളുയർന്നിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന സംഘത്തിനാണ് അന്വേഷണ ചുമതല.