കോട്ടയം: സമ്മാനം ഇല്ലെന്ന് കരുതി ചുരുട്ടിക്കൂട്ടി എറിഞ്ഞ ലോട്ടറി ടിക്കറ്റിൽ മുറുക്കാൻ കടക്കാരനായ 58കാരൻ പിജി ചന്ദ്രബാബുവിന് കൈവന്നത് 75 ലക്ഷം രൂപ. തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ചന്ദ്രബാബുവിന് അടിച്ചത്. മെഡിക്കൽ കോളജിനു മുന്നിൽ മുറുക്കാൻ കട നടത്തുകയാണ് ചന്ദ്രബാബു.
സുഹൃത്ത് തങ്കച്ചനു തോന്നിയ സംശയമാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ ഭാഗ്യം തിരികെ എത്തിയത്. 40 വർഷമായി മെഡിക്കൽ കോളേജ് പരിസരത്തു താമസിച്ച് വിവിധ ജോലികൾ ചെയ്തു വരികയാണ് മല്ലപ്പള്ളി കാടിക്കാവ് കുളത്തൂർ പൊറ്റമല മേപ്രത്ത് ചന്ദ്രബാബു. ഇവിടെ ലോഡ്ജിലാണ് താമസിച്ചു വന്നിരുന്നത്. ഇപ്പോൾ ഉന്തുവണ്ടിയിൽ മുറുക്കാൻ കട നടത്തിയാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. ഇടയ്ക്ക് ലോട്ടറിയും എടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സ്വദേശി കൊണ്ടുവന്ന ലോട്ടറി ടിക്കറ്റ് എടുത്തത്. ചൊവ്വാഴ്ച രാവിലെ ഫലം നോക്കിയപ്പോൾ ചെറിയ സമ്മാനങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഇതോടെ ടിക്കറ്റിനു സമ്മാനം ഇല്ലെന്നു കരുതി ടിക്കറ്റ് ചുരുട്ടി, മാലിന്യ വസ്തുക്കൾ ഇട്ടിരുന്ന കവറിലേയ്ക്ക് ഇട്ടു. തട്ടുകട നടത്തുന്ന സുഹൃത്ത് തങ്കച്ചനെത്തി തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പർ ആണെന്നു പറഞ്ഞപ്പോഴാണു ചന്ദ്രബാബു ടിക്കറ്റ് വീണ്ടും തപ്പിയെടുത്തത്.
‘ചിലപ്പോൾ നിനക്ക് സമാശ്വാസ സമ്മാനം അടിക്കാൻ സാധ്യതയുണ്ട്’ എന്നും പറഞ്ഞതോടെ ഫലം ഒത്തുനോക്കി. പിന്നീടാണ് അടിച്ചത് ഒന്നാം സമ്മാനമാണെന്ന് അറിഞ്ഞത്. ടിക്കറ്റ് കേരള ബാങ്ക് മുടിയൂർക്കര ശാഖയിൽ ഏൽപിച്ചു. സ്വന്തമായി കിടപ്പാടം ഇല്ലാത്തതിനാൽ 5 സെന്റ് സ്ഥലവും ഒരു വീടും സ്വന്തമാക്കണമെന്ന് മാത്രമാണ് ചന്ദ്രബാബുവിന്റെ ആഗ്രഹം.