പ്രളയകാലത്ത് ‘ഹീറോ’ ജൈസല്‍; ഇപ്പോള്‍ സദാചാരപോലീസ് ചമഞ്ഞ് വില്ലനായി അറസ്റ്റില്‍

താനൂര്‍: പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി ഹീറോയായി മാറിയ ജെയ്‌സല്‍ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റില്‍. യുവാവും യുവതിയും സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി താക്കോല്‍ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിര്‍ത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതാണ് സംഭവം.

2021 ഏപ്രില്‍ 15-നാണ് കേസിനാസ്പദമായ സംഭവം. താനൂര്‍ ഒട്ടുമ്പുറം തൂവല്‍തീരം ബീച്ചില്‍ കാറില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ജയ്സലും മറ്റൊരാളും ഭീഷണിപ്പെടുത്തി ചിത്രങ്ങളെടുക്കുകയും ഒരുലക്ഷം രൂപ കൊടുത്തില്ലെങ്കില്‍ അവ സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

2018ലെ പ്രളയത്തില്‍ മലപ്പുറം വേങ്ങര വലിയോറയില്‍ മുതുക് ചവിട്ടുപടിയാക്കി നല്‍കി ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെ പുരക്കല്‍ ജെയ്‌സല്‍ (37)യാണ് പിടികൂടിയത്.

സംഭവത്തില്‍ താനൂര്‍ സ്വദേശിയായ യുവാവാണ് ജെയ്‌സലിനെതിരെ പരാതി നല്‍കിയിരുന്നത്. ഒരു ലക്ഷം ലക്ഷം രൂപ തന്നാല്‍ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ സുഹൃത്തിന്റെ ഗൂഗിള്‍ പേ വഴി അയ്യായിരം രൂപ കൈപ്പറ്റിയ ശേഷം കരഞ്ഞ് പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ തങ്ങളെ ഇരുവരെയും വിട്ടതെന്നാണ് പോലീസിന് നല്‍കിയ പരാതി.

കേസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് പ്രതി തിരുവനന്തപുരം, കൊല്ലം , മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും, ബുധനാഴ്ച്ച താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പിടികൂടിയതെന്നും പോലീസ് പറഞ്ഞു. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷകള്‍ തള്ളിയെന്നും പോലീസ് അറിയിച്ചു.

Exit mobile version