ഷവര്‍മ്മ കഴിച്ച വിദ്യാര്‍ത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതോടെ ഭക്ഷ്യവസ്തുക്കള്‍ വിഷമയമാകുന്നത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. പുറമെ ചേര്‍ക്കുന്നത് മാത്രമല്ല, തയ്യാറാക്കി കഴിഞ്ഞ് ഇരിക്കുന്തോറും ഭക്ഷണം വിഷമയമാകുകയും ചെയ്യും.
ചെറുവത്തൂരിലെ നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകള്‍ പതിനേഴ് വയസുള്ള ദേവനന്ദയാണ് ഷവര്‍മ്മ കഴിച്ച് മരിച്ചത്. ഷവര്‍മ്മയില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാന്‍സ് കൂടുതലാണ്. ഷവര്‍മ്മ എങ്ങനെയാണ് വിഷമയമാകുന്നത് എന്ന് അഗളി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലാലു ജോസഫ് എം വ്യക്തമാക്കിയിരിക്കുകയാണ്.
സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ കാരണമാണ്. ചിക്കന്‍ പൂര്‍ണ്ണമായി വെന്തില്ലെങ്കില്‍ സാല്‍മൊണെല്ല ശരീരത്തില്‍ കയറുമെന്നും ലാലു ജോസഫ് കുറിച്ചു.
പച്ചമുട്ടയില്‍ ചേര്‍ത്തുണ്ടാക്കുന്ന മയോന്നൈസ് സാല്‍മൊനെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന ഒരു പദാര്‍ഥമാണ്. കോഴിയില്‍ മാത്രമല്ല കോഴിമുട്ടയിലും ഈ വിഷ പദാര്‍ഥമുണ്ടെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഷവര്‍മ്മയില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാന്‍സ് കൂടുതലാണ്. സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ കാരണമാണ്. ചിക്കന്‍ പൂര്‍ണ്ണമായി വെന്തില്ലെങ്കില്‍ സാല്‍മൊണെല്ല ശരീരത്തില്‍ കയറും. പഴകിയ ചിക്കന്‍ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തില്‍ കയറി നാലഞ്ച് മണിക്കൂറിനുള്ളില്‍ അവന്‍ പണി തുടങ്ങും. എന്റെ നിഗമനത്തില്‍ താഴെ പറയുന്നവയാണ് കാരണങ്ങള്‍.
1. കമ്പിയില്‍ കോര്‍ത്ത് വെച്ച് ചെറിയ ചൂട് തട്ടിയാല്‍ തന്നെ അതിനുള്ളിലെ ദ്രവങ്ങള്‍ താഴെയുള്ള പ്ലെയിറ്റില്‍ വീഴും. പൂര്‍ണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡില്‍ കുറച്ചു നേരം വേവാത്തത് കൊണ്ട് തന്നെ അതില്‍ പിന്നീട് വെന്ത ശേഷം അരിയുന്ന മാംസത്തിലേക്കും വൈറസ് കടന്നു കൂടും.
2. ആള് കൂടിയാല്‍ പെട്ടെന്ന് അരിഞ്ഞു വീഴ്ത്തി പൊതിഞ്ഞു കൊടുക്കും. മാംസം ഒരു ഇന്‌സുലേറ്റര്‍ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റര്‍ ഉള്ളില്‍ ഉണ്ടാവില്ല. ഒരു ചെറിയ മാംസക്കഷ്ണം വിരല് കൊണ്ട് ഒരു വിളക്കില്‍ പിടിച്ച് വേവിക്കാന്‍ ശ്രമിച്ചാല്‍ തീയില്‍ പെട്ട ഭാഗം കരിയുകയും പിടിച്ച ഭാഗം തണുത്ത് തന്നെ ഇരിക്കുകയും ചെയ്യും. അതായത് തിരക്കുള്ള കടയില്‍ അഞ്ചോ പത്തോ പേര്‍ക്ക് നല്ലവണ്ണം വെന്ത മാംസം കിട്ടുകയും പാക്കിയുള്ളവര്‍ക്ക് പാതി വെന്ത മാംസവും കിട്ടും. സാല്‍മൊണെല്ല ചാവണം എങ്കില്‍ മിനിമം 75 ഡിഗ്രി സെന്റിഗ്രേഡില്‍ പത്ത് മിനിറ്റ് വേവണം. അല്ലെങ്കില്‍ 55 ഡിഗ്രിയില്‍ ഒരു മണിക്കൂര്‍ അല്ലെങ്കില്‍ 60 ഡിഗ്രിയില്‍ അരമണിക്കൂര്‍ വേവണം. അത് കിട്ടാത്തത് കൊണ്ട് വൈറസ് നേരിട്ട് ശരീരത്തില്‍ കയറും.
3. പച്ചമുട്ടയില്‍ ചേര്‍ത്തുണ്ടാക്കുന്ന മയോന്നൈസ് സാല്‍മൊനെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന ഒരു പദാര്‍ഥമാണ്. കോഴിയില്‍ മാത്രമല്ല കോഴിമുട്ടയിലും ഈ സാധനമുണ്ട്.
4. ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ റിലേറ്റീവ് ഹ്യൂമിഡിറ്റി (വായുവിലുള്ള ജലാംശത്തിന്റെ അളവ്) വളരെ കൂടുതല്‍ ആണ് (7588% ഢ െ5060%). ഉഷ്ണ പ്രദേശവും ഹ്യൂമിഡിറ്റിയും ചേന്നാല്‍ ഈ ജാതി സൂക്ഷ്മജീവികള്‍ക്ക് പെറ്റ് പെരുകാനുള്ള ഏറ്റവും അനുയോജ്യമായ താപനിലയും ജലാംശവും കൈവന്നു. തണുപ്പിച്ച് സൂക്ഷിക്കാനുള്ള എലക്ട്രിസിറ്റി ലഭ്യതയും പ്രശ്‌നം ഗൗരവതരമാക്കുന്നു. ഒരു പ്രാവശ്യം ചൂടാക്കി പിന്നീട് സാധാരണ ഊഷ്മാവില്‍ വെച്ചാല്‍ അവയുടെ വളര്‍ച്ച ത്വരിതഗതിയിലാവും.
5. അലല്‍ഫഹം, അഥവാ ഗ്രില്‍ഡ് ചിക്കനും ഇതുപോലെ വേവാന്‍ അനുവദിക്കണം. തിരക്ക് കൂട്ടരുത്. പാതി വേവിച്ചതിനു ശേഷം മാറ്റി വെച്ച് ഓര്‍ഡര്‍ കിട്ടുമ്പോള്‍ മുഴുവനും വേവിച്ച് ആളുകള്‍ക്ക് കൊടുക്കുകയാണ് അവര്‍ ചെയ്യുന്നത്. ധൃതി കൂട്ടിയാല്‍ മുഴുവന്‍ വേവുന്നതിനു മുമ്പ് അവര്‍ മുന്നില്‍ വെച്ച് തരും.
ഇതെല്ലാം ഗള്‍ഫിലുള്ള ഷവര്‍മ മുഅല്ലിമുകള്‍ക്ക് പ്രവര്‍ത്തി പരിചയം കൊണ്ട് തന്നെ അറിയാം. തിരക്കുള്ള ഷവര്‍മ്മ കടകളില്‍ വലിയ ഒന്നോ രണ്ടോ വന്‍ ഹീറ്ററുകള്‍ ഉണ്ടാവും. അതായത് ഒന്നോ രണ്ടോ മിനിറ്റുകള്‍ക്കുള്ളില്‍ വേവും. എന്നാല്‍ കേരളത്തില്‍ ഊര്‍ജ്ജത്തിന് വില കൂടുതല്‍ ആയത് കൊണ്ട് ചെറിയ ഒരു ഹീറ്ററില്‍ അതിന്റെ നാലഞ്ചിരട്ടി കപ്പാസിറ്റി ആവശ്യമുള്ള ആളുകള്‍ക്ക് ഉണ്ടാക്കി വിളമ്പുകയും ചെയ്യും. പാതി പോലും വെന്തിട്ടുണ്ടാവില്ല.
ഇത് ഷെയര്‍ ചെയ്താല്‍ നന്നായിരുന്നു. കടപ്പാട് ഒന്നും വേണ്ട. കുക്കിന് അറിയില്ലെങ്കിലും വാങ്ങുന്നവര്‍ക്ക് ബോധം ഉണ്ടായാല്‍ മതിയല്ലോ.
-ലാലു ജോസഫ് എം-
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍,
സി എച്ച് സി അഗളി.
Discussion about this post