മഞ്ചേരി: കേരളം ഏഴാമതും സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ ദൈവാനുഗ്രഹത്തിനു നന്ദി പറയാന്‍ കോച്ച് ബിനോ ജോര്‍ജ് ട്രോഫിയുമായി മഞ്ചേരി സെന്റ് ജോസഫ്‌സ് പള്ളിയിലെത്തി.
ചൊവ്വാഴ്ച രാവിലെയാണ് പ്രാര്‍ഥനയ്‌ക്കൊപ്പം ദൈവാനുഗ്രഹത്താല്‍ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാന്‍ എത്തിയത്. ടൂര്‍ണമെന്റിനു മഞ്ചേരിയില്‍ എത്തിയതു മുതല്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തുമായിരുന്നെന്ന് ഫാദര്‍ ടോമി കളത്തൂര്‍ പറഞ്ഞു.
അതിനു മുന്‍പ് കളിക്കാരുടെ ജഴ്‌സിയും മറ്റും പള്ളിയില്‍ കൊണ്ടുവന്ന് വെഞ്ചരിച്ചിരുന്നെന്ന് ഫാദര്‍ പറഞ്ഞു. കളിയില്ലാത്ത മിക്ക ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ബിനോ വന്നതോടെ വിശ്വാസികള്‍ക്ക് പരിചയക്കാരനായി. പള്ളിയില്‍ വരാന്‍ തുടങ്ങിയതു മുതലാണ് ബിനോയെ അടുത്തറിയുന്നത്. ആ പരിചയവും ഫുട്‌ബോളിനോടുള്ള താല്‍പര്യവും കാരണം ദിവസവും താനും കേരളത്തിന്റെ കളി കാണാന്‍ പോയിരുന്നു.
സെമി ഫൈനല്‍ ദിവസം പള്ളിയില്‍ കേരള ടീമിനു വേണ്ടി പ്രാര്‍ഥന നടത്തി. ബിനോയും പള്ളിയില്‍ എത്തിയിരുന്നു. കാണികളുടെ പിന്തുണയും പ്രാര്‍ഥനയും കളിക്കാര്‍ക്ക് ഊര്‍ജമായി. കളിക്കാരുടെ പ്രയത്‌നത്തിനപ്പുറം ദൈവാനുഗ്രഹം കൂടിയായപ്പോള്‍ വിജയത്തിലേക്ക് വഴിയൊരുക്കി.
കപ്പടിച്ചാല്‍ ട്രോഫിയുമായി പള്ളിയില്‍ വരുമെന്ന് ബിനോ പറയുകയും ചെയ്തിരുന്നു. ദൈവത്തിനു നന്ദി പറയുന്നതിനൊപ്പം ആ വാക്ക് പാലിക്കാന്‍ കൂടിയായിരുന്നു അദ്ദേഹം പള്ളിയിലെത്തിയത്.