കൊച്ചി: പീഡനക്കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം വേണമെന്ന നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ ആവശ്യം പോലീസ് തളളി. സാവകാശം നല്‍കാനാവില്ലെന്നും എത്രയും വേഗം കീഴടങ്ങണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി. ഹാജരാകാന്‍ ഈ മാസം 19 വരെ സമയം നല്‍കണമെന്നായിരുന്നു വിജയ് ബാബുവിന്റെ ആവശ്യം.
ഔദ്യോഗിക യാത്രയിലായതിനാല്‍ മെയ് 19 വരെ ഇളവ് വേണമെന്ന ആവശ്യമാണ് വിജയ് ബാബു മുന്നോട്ടുവച്ചത്. എന്നാല്‍ സമയം നല്‍കില്ലെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമുള്ള നിലപാടിലാണ് പോലീസ്.
യുവനടിയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 18ന് ഹൈക്കോടതി പരിഗണിക്കും.
അതേസമയം വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് താര സംഘടനയായ അമ്മ ഐസിസിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയാണ് ഐസിസി. വിഷയത്തില്‍ കൂടുതല്‍ പേര് സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മാല പാര്‍വതി പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമാണെന്നും അവര്‍ പ്രതികരിച്ചു.
Discussion about this post