വടക്കഞ്ചേരി: കണ്ടക്ടറും ക്ലീനറുമില്ലാതെ തന്നെ കാടന്‍കാവില്‍ ബസ് വീണ്ടും ഓടിത്തുടങ്ങി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബസ് വീണ്ടും ഇന്നലെ മുതല്‍ ഓടിത്തുടങ്ങിയത്.
നിയമ തടസ്സങ്ങളെ അതിജീവിച്ച ബസ്സിന് വിവിധ കേന്ദ്രങ്ങളില്‍ പുഷ്പാലംകൃതമായ വന്‍ സ്വീകരണമാണ് ലഭിച്ചത്. കേരളത്തിലാദ്യമായി പണം വാങ്ങാന്‍ കണ്ടക്ടറും ജീവനക്കാരും ഇല്ലാതെ സര്‍വീസ് നടത്തിയ ബസ് മൂന്നാം ദിവസം മുതല്‍ ഓടിക്കേണ്ടെന്ന് മോട്ടര്‍ വാഹനവകുപ്പ് ഉത്തരവിട്ടിരുന്നു.
വടക്കഞ്ചേരിയില്‍ നിന്നു ആരംഭിച്ച് നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കാണ് ബസ് സര്‍വീസുകള്‍ നടത്തുന്നത്. പരീക്ഷണമായി പണം വാങ്ങാന്‍ കണ്ടക്ടര്‍ ഇല്ലാത്ത ബസ് നിരത്തിലിറക്കിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഓരോ സ്റ്റോപ്പിലെയും നിരക്ക് ബസില്‍ എഴുതി വച്ചിട്ടുള്ളതിനാല്‍ ഈ തുക യാത്രക്കാര്‍ ബോക്‌സില്‍ നിക്ഷേപിച്ചാല്‍ മാത്രം മതി.
പുതിയ പരീക്ഷണം ബസ് ജീവനക്കാരുടെ ജോലി പോകുമെന്ന ആശങ്കയും ഉണ്ടായി. എന്നാല്‍ വീണ്ടും വാഹനം ഓടിക്കാന്‍ അനുമതി കിട്ടിയതോടെ പരീക്ഷണം വിജയമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഉടമയും സുഹൃത്തുക്കളും.
വടക്കഞ്ചേരിയില്‍ നിന്നു ആരംഭിച്ച് നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 33 സീറ്റുകളുള്ള ബസ് ദിവസേന 7 ട്രിപ്പുകള്‍ സര്‍വീസ് നടത്തും. പണമില്ലാത്തവര്‍ക്കും ബസില്‍ യാത്ര ചെയ്യാം. പിന്നീട് പണമുള്ളപ്പോള്‍ ഇട്ടാല്‍ മതി. ഇട്ടില്ലെങ്കിലും കുഴപ്പമില്ല. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കണ്‍സഷന്‍ നിരക്കിലും യാത്രചെയ്യാം.
പണം കൂടുതല്‍ ഇട്ടാല്‍ തിരിച്ചെടുക്കാന്‍ ആകില്ലെങ്കിലും പിന്നീട് ഈ ബാലന്‍സില്‍ യാത്ര ചെയ്യാം. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ബസുകള്‍ ഈ മാതൃകയില്‍ സര്‍വീസ് നടത്തുമെന്ന് തോമസ് കാടന്‍കാവില്‍ പറഞ്ഞു.