കോഴിക്കോട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തത് ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടതുകൊണ്ടാണെന്ന പരാമർശത്തിൽ വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജിവ്. റിപ്പോർട്ട് അതേപടി പുറത്തുവിടരുതെന്നും അതിലെ ശുപാർശകൾ നടപ്പാക്കണമെന്നുമാണ് ഡബ്ല്യുസിസിയുടെ ആവശ്യം എന്നാണ് താൻ പറഞ്ഞതെന്ന് രാജിവ് പ്രതികരിച്ചു. ഡൽഹിയിൽ ഇന്ത്യൻ എക്‌സ്പ്രസിലെ പത്രപ്രവർത്തകരുമായി നടത്തിയ ആശയസംവാദത്തിനിടയിലാണ് മന്ത്രിയുടെ വിവാദ പരാമർശം ഉണ്ടായത്.
‘കമ്മീഷൻസ് ഒഫ് എൻക്വയറി ആക്റ്റ് അനുസരിച്ചല്ല ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയമിച്ചത്. അതുകൊണ്ടുതന്നെ റിപ്പോർട്ട് നിയമസഭയിൽ വെയ്‌ക്കേണ്ട കാര്യമില്ല. ഡബ്ല്യുസിസി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.’
‘ജസ്റ്റിസ് ഹേമയ്ക്ക് മുമ്പാകെ മൊഴി നൽകിയവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ അവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടേണ്ടതില്ലെന്ന നിലപാടാണ് ഡബ്ല്യുസിസിക്കുള്ളതെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.’
‘ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിർദേശങ്ങളും ശുപാർശകളും നടപ്പാക്കുക എന്നതിനാണ് പ്രാമുഖ്യം. അതിനാണ് സർക്കാർ ശ്രമിക്കുന്നത്”,- മന്ത്രി തന്റെ വാക്കുകൾ വിശദീകരിച്ചു.