കൊച്ചി: ലൈംഗിക പീഡന പരാതിയിൽ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ അമ്മ ഭാരവാഹി യോഗത്തിൽ ശബ്ദമുയർത്തി നടൻ ലാൽ. നടിയെ ആക്രമിച്ച കേസ് ഓർത്തെടുത്തുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതികളാവുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ലാൽ യോഗത്തിൽ വ്യക്തമാക്കി. ‘എന്റെ വീട്ടിലാണ് അന്ന് ആ പെൺകുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്,’ എന്ന് ലാൽ യോഗത്തിൽ പറഞ്ഞു.
അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ശക്തമായ ആവശ്യമാണ് വിജയ് ബാബുവിനെ സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത്. വിജയ് ബാബുവിനെതിരെ നടപടിയില്ലെങ്കിൽ രാജിവെക്കുമെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളിൽ ചിലർ വ്യക്തമാക്കിയതോടെ എതിരഭിപ്രായം നിലനിൽക്കാതായി. പുറത്താക്കുമെന്ന് ഉറപ്പായതോടെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്ന് വ്യക്തമാക്കി വിജയ് ബാബു സംഘടനയ്ക്ക് മെയിൽ അയക്കുകയും ചെയ്തു.