കോട്ടയം: തമ്പലക്കാട് എൻ.എസ്.എസ്.യു.പി.സ്കൂളിലെ അധ്യാപകൻ അഖിൽ എസ്.നായരുടെ വിവാഹത്തിന് ഓടാൻ കാറും വലിയ വണ്ടികളുമില്ല. പകരം കേരളത്തിന്റെ സ്വന്തം ആനവണ്ടിയാണ് എത്തുക. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ആർ.എൻ.സി.816 ബസിലാണ് വിവാഹശേഷം വധുവിനെ കൂട്ടി വീട്ടിലേയ്ക്ക് എത്തുന്നത്.
25 കൊല്ലം പഴക്കമുള്ള ആ പിണക്കം മാറി; ‘അമ്മ’യിലേയ്ക്ക് വീണ്ടും സുരേഷ് ഗോപിയുടെ കാൽവെപ്പ്
മെയ് 2നാണ് വിവാഹം. ഇഷ്ട വണ്ടിക്കൊപ്പം മറ്റ് 3 കെഎസ്ആർടിസി ബസുകളും വിവാഹയാത്രയ്ക്കായി അഖിൽ ഏർപ്പാടാക്കി കഴിഞ്ഞു. അന്തീനാട് പൊട്ടനാനിക്കൽ സുദർശനൻ നായരുടെയും രമാദേവിയുടെയും മകൾ സുചിത്രയാണ് വധു. വിവാഹശേഷം അഖിലിന് ഏറ്റവും പ്രിയപ്പെട്ട ആർ.എൻ.സി.816 ബസിലാവും വധൂവരന്മാർ ചിറക്കടവിലെ ചിറയ്ക്കൽപുതുവയൽ വീട്ടിലേക്ക് എത്തുന്നത്. അഖിലിന്റെ തീരുമാനത്തിന് അച്ഛൻ ശിവദാസൻ നായരും അമ്മ മായാദേവിയും പൂർണ സമ്മതം നൽകി.
വധുവിന്റെ അച്ഛനമ്മമാരും അഖിലിന്റെ ആഗ്രഹത്തിന് പച്ചക്കൊടി കാണിച്ചു. 9600 രൂപയാണ് ഓരോ ബസിനും കെഎസ്ആർടിസിയിൽ അടച്ച് ബുക്കുചെയ്തത്. മുൻപ് കളിയിക്കാവിള റൂട്ടിലും ആലപ്പുഴ റൂട്ടിലും സർവീസ് നടത്തിയിരുന്ന ഈ ബസിലായിരുന്നു പഠനകാലത്ത് അഖിലിന്റെ യാത്ര. അന്നുമുതൽ തുടങ്ങിയ പ്രണയമാണ് 816 നമ്പർ ബസിനോടും ആനവണ്ടിയോടും. ചെങ്ങന്നൂർ തന്ത്രവിദ്യാപീഠത്തിലെ അധ്യയന കാലയളവിൽ പൊൻകുന്നത്തുനിന്ന് ഈ ബസിലായിരുന്നു പതിവുയാത്ര.
തമ്പലക്കാട് സ്കൂളിൽ നിയമനം കിട്ടിയതും ഈ ബസിലെ യാത്രാകാലയളവിൽ. ആദ്യശമ്പളം അക്കൗണ്ടിൽ എത്തിയതിന്റെ സന്ദേശം ലഭിച്ചതും ബസ് യാത്രയ്ക്കിടെ ആയിരുന്നു. പാലാ ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളേജിൽനിന്ന് ടി.ടി.സി.യും തിരുപ്പതി സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദവും നേടിയതിന് ശേഷം ചിറക്കടവ് യു.പി.സ്കൂൾ, പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പിന്നീടാണ് തമ്പലക്കാട് സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചത്.
ജീവിതത്തിൽ സുരക്ഷിതമായ ഇടങ്ങളെല്ലാം സമ്മാനിച്ചത് വിവിധ റൂട്ടുകളിൽ സർവീസ് നടത്തിയ ഈ ബസിലെ പതിവുയാത്രകളിലെ ഊർജവും ബന്ധങ്ങളുമാണെന്നാണ് അഖിൽ പറയുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ നല്ല നിമിഷത്തിനും ഈ ബസ് ഒപ്പം വേണമെന്നാണ് അഖിലിന്റെ ആഗ്രഹം.
Discussion about this post