കോഴിക്കോട്: ഭിന്നശേഷിയുള്ളതിനാൽ വഴിയോരത്ത് ആരോ ഉപക്ഷേിച്ച ഒന്നര വയസുകാരിക്ക് തുണയായി അമേരിക്കൻ ദമ്പതിമാർ. വൈകല്യങ്ങളുള്ള കുട്ടികൾ എന്നും ബാധ്യതയായി കാണുന്ന മാതാപിതാക്കൾക്ക് മികച്ച മാതൃകയാവുകയാണ് ഒഹായോവിൽ നിന്നുളള മാത്യുവും മിൻഡിയും.
സർക്കാരിന്റെ ദത്തെടുക്കൽ മാർഗ്ഗനിർദ്ദേശങ്ങളെല്ലാം പാലിച്ച് മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് കോഴിക്കോടു നിന്നുളള ഒന്നരവയസ്സുകാരിയെ ഈ ദമ്പതികൾ സ്വന്തമാക്കിയത്. അമേരിക്കൻ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥനാണ് മാത്യുഫഗാൻ. ആരോരുമില്ലാത്ത ഒരുകുഞ്ഞിന് സ്വന്തം മക്കളോടൊപ്പം കരുതലെന്ന ആശയമാണ് ഇന്ത്യയെ ഒരുപാടിഷ്ടപ്പെടുന്ന മാത്യുവിനെ കോഴിക്കോട്ടെത്തിച്ചത്.
ഉപേക്ഷിക്കപ്പെടുന്ന ഭിന്നശേഷി കുരുന്നുകളെ ദത്തെടുക്കാനുളള സംസ്ഥാന സർക്കാർ സംവിധാനം വഴി അപേക്ഷിച്ച് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കോഴിക്കോട് കുടുംബ കോടതി അനുമതിയോടെ കുഞ്ഞിനെ ഏറ്റെടുത്തു. കൊയിലാണ്ടിയിൽ ഭിന്നശേഷിക്കാർക്കുളള നെസ്റ്റ് എന്ന സ്ഥാപനത്തിലെ പരിചരണത്തിലുള്ള കുഞ്ഞിനാണ് ഈ ദമ്പതിമാർ തുണയായത്.