തിരുവനന്തപുരം: തന്റെ അറസ്റ്റിന് കാരണമായ പരാമർശങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് മുൻ എംഎൽഎ പിസി ജോർജ്. തീവ്രവാദികൾക്കുള്ള പിണറായി സർക്കാരിന്റെ റംസാൻ സമ്മാനമാണ് തന്റെ അറസ്റ്റെന്നും ജോർജ് കുറ്റപ്പെടുത്തി.
തീവ്രവാദികളും രാജ്യദ്രോഹികളുമായവരുടെ വോട്ട് വേണ്ടെന്നാണ് താൻ പറഞ്ഞിട്ടുള്ളത്. രാജ്യത്തെ സ്നേഹിക്കാത്ത ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് പിസി ജോർജ് പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് തോന്നിയപ്പോഴൊക്കെ തിരുത്തിയിട്ടുണ്ട്. എന്നാൽ ഇതങ്ങനെയല്ല. തനിക്ക് ഉറപ്പുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും പിസി ജോർജ് വ്യക്തമാക്കി.
അറസ്റ്റിൽ സങ്കടമുണ്ടെന്നും ഇന്ത്യൻ നീതിപീഠം നീതിപൂർവമായാണ് പെരുമാറുന്നതെന്ന് നേരിട്ട് ബോധ്യപ്പെട്ടെന്നും പിസി ജോർജ് പറഞ്ഞു. ഫോൺ ചെയ്തിരുന്നെങ്കിൽ താൻ കോടതിയിൽ വന്നേനെ. അതിന് പകരം വെളുപ്പിന് അൻപതോളം പോലീസുകാർ വീട്ടിലെത്തി. ഫോണിൽ വിളിച്ചാൽപ്പോരെ എന്ന് ചോദിച്ചപ്പോൾ തങ്ങൾക്ക് ഇങ്ങനെയാണ് നിർദേശം കിട്ടിയതെന്ന് പോലീസുകാർ പറഞ്ഞെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
ALSO READ- പിസി ജോർജിനെ പിന്തുണക്കില്ല; പരാമർശം പുരോഗമന സമൂഹത്തിന് ചേരാത്തത്: സന്ദീപ് വചസ്പതി
വിദ്വേഷ പരാമർശത്തിൽ അറസ്റ്റിലായ പിസി ജോർജിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.