പിസി ജോർജ്ജിൻ്റെ വർഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗത്തിന് എതിരെ ഡോക്ടർ നെൽസൺ ജോസഫ് രംഗത്ത്. ഒരു തുള്ളി ചായയിൽ ഒഴിച്ചാൽ ഗർഭനിരോധനം സംഭവിക്കുമെന്ന പിസി ജോർജ് അവകാശപ്പെട്ട മരുന്നിൻ്റെ ഫോർമുല ഏതാണെന്ന് ചോദിച്ചാണ് ഡോക്ടർ രംഗത്ത് എത്തിയിരിക്കുന്നത്.
കച്ചവടം ചെയ്യുന്ന മുസ്ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നാണ് മുൻ എം.എൽ.എ പി.സി. ജോർജ് വർഗീയ പ്രസംഗം നടത്തിയത്.
തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു മഹാപരിഷത്തിൻ്റെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പിസി ജോർജ് മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. ജോർജിനെതിരെ മുസ്ലിം ലീഗ് ഉൾപ്പടെ നിരവധി സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.
ഡോക്ടർ നെൽസൺ ജോസഫിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
അല്ല,വെറും അക്കാദമിക് താൽപര്യം മാത്രം.
ഹോട്ടലിൽ വച്ചിരിക്കുന്ന, ചായയിൽ ഒരു തുള്ളി ഒഴിച്ചാൽ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം.
വിത്ഡ്രോവൽ മെതേഡ്, കോണ്ടം, കോപ്പർ ടി, കോണ്ട്രാസെപ്റ്റീവ് പിൽ, ഇഞ്ചക്ഷൻ. . .
പിന്നെ അതുക്കും മേലെ വാസക്ടമിയും ട്യൂബെക്ടമിയും പോലെ പെർമനന്റായ വഴികളും.
പിള്ളേരുണ്ടാവാതിരിക്കാൻ ഇത്രയും വഴികൾ മിനിമം പയറ്റുന്നുണ്ട് ലോകത്ത്. ഇനിയുമുണ്ട്, പക്ഷേ അതല്ലല്ലോ നമ്മുടെ ടോപ്പിക്
ഇതിൽ കോണ്ടത്തിന്റെ ഗ്ലോബൽ മാർക്കറ്റ് മാത്രം 9.9 ബില്യൺ ഡോളറായിരുന്നെന്ന് എങ്ങോ വായിച്ചിരുന്നു.
എന്ന് വച്ചാൽ 75,000 ചില്വാനം കോടി രൂപ.
അതിനൊക്കെ ഒരു സിമ്പിൾ സൊല്യൂഷനാവുമല്ലോ ഈ ഒറ്റത്തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റം.
പറ, അതിന്റെ ഫോർമുല പറ.
നൊബേൽ നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി അടിക്കാന്ന്
Discussion about this post